കുടുംബത്തിന് നേരെ മുഖംമൂടി ആക്രമണം, സി.പി.എം  നേതാക്കള്‍ പിടിയില്‍ 

0
78

എട്ടുവയസുകാരനെയും കുടുംബത്തെയും ക്വട്ടേഷൻ എടുത്ത് ആക്രമിച്ച സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ള നാലു സി.പി.എമ്മുകാര്‍ അറസ്റ്റില്‍. മുളിയാർ മുൻ പഞ്ചായത്ത് മെംബറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ചെങ്കള കെ.കെ പുറത്തെ സി.കെ. മുനീർ (33), സി.പി.എം മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖ് (31), ആലൂരിലെ ടി.എ. സൈനുദ്ദീൻ (34), ക്വട്ടേഷൻ സംഘത്തില്‌പെചട്ട വിദ്യാനഗർ ചാല റോഡിലെ മുഹമ്മദ് അസ്ഹറുദ്ദീൻ (20) എന്നിവരെയാണ് ആദൂർ സി.ഐ സിബി തോമസും സംഘവും അറസ്റ്റ് ചെയ്തത്. നാലുപേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബന്ധുവായ  പടന്നക്കാട് സ്വദേശി ഇബ്രാഹീം ഹാജിയാണ് സി.പി.എം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്.
ഇയാൾ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായതിനാൽ അറസ്റ്റ് തൽക്കാലം ഒഴിവാക്കി. മറ്റൊരാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.  കഴിഞ്ഞ ഏപ്രിൽ 18ന് സന്ധ്യക്ക് ഏഴോടെയാണ് കുറ്റിക്കോലിലെ കെ. അബ്ദുന്നാസർ (56), ഭാര്യ ഖൈറുന്നീസ (40), മകൻ ഇര്‍ഷാദ് (എട്ട്) എന്നിവരെ സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചത്. കുറ്റിക്കോൽ ടൗണിൽനിന്ന് തിരിച്ചുപോകുമ്പോൾ വീടിന് സമീപം വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കാർ തടഞ്ഞ് ആക്രമിച്ചത്. റോഡ് തടസ്സപ്പെടുത്തിയത് കണ്ട് കാറില്‍ നിന്ന് ഇറങ്ങിയപ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന സംഘം ചാടിവീണ് ആക്രമിക്കുകയായിരുന്നു. കാറും ആക്രമികൾ അടിച്ചുതകര്‍ത്തു.

ദമ്പതികളെയും മകനെയും മർദിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത ലോക്കൽ കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ള മൂന്ന് അംഗങ്ങളെ പാർട്ടി ജില്ല കമ്മിറ്റി പുറത്താക്കി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് ഇവരെ പുറത്താക്കിക്കൊണ്ട് ജില്ല കമ്മിറ്റി വാർത്താക്കുറിപ്പ് ഇറക്കിയത്.