കേന്ദ്രമന്ത്രി സ്ഥാനം കേരള കോൺഗ്രസിനെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ലെന്ന് ജോസ്.കെ.മാണി

0
80

മീരാ കുമാറിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് എന്നത് സൗകര്യപൂര്‍വ്വം മറക്കുന്നു

ജി.എസ്.ടി പ്രത്യേക സമ്മേളനത്തില്‍ പവാര്‍ പങ്കെടുത്തത് കാണാതെ പോകുകയും മാണി പോയത് വിമര്‍ശിക്കുകയും ചെയ്യുന്നത് കാപട്യം 


അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായ കേരളാ കോൺഗ്രസ്സിന് കേന്ദ്രമന്ത്രിസ്ഥാനം ഒരു മോഹമോ ദൗർബല്യമോ അല്ല. കേരളാ കോൺഗ്രസിന്റെ എക്കാലത്തെയും പ്രതിബദ്ധത നമ്മുടെ നാട്ടിലെ സാധാരണ കർഷകരുടെ ഉന്നമനത്തിനും അവരുടെ ഉയർച്ചക്കും വേണ്ടിയാണ് .അതാണ് ഞങ്ങളുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രവും, മുന്നോട്ടുള്ള നിലപാടുകൾക്ക് അടിസ്ഥാനപരമായി സ്വാധീനിക്കുന്ന രാഷ്ട്രീയവും എന്നു പ്രത്യേകമായി സൂചിപ്പിക്കട്ടെ.
കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും അതിൽ കേരളാ കോൺഗ്രസ് വീണുപോയിരിക്കുമെന്നുമുള്ള വാർത്തകൾ കാണുമ്പോൾ പരിഹാസമാണ് തോന്നുന്നത്. യുപിഎ മന്ത്രിസഭയിൽ യുപിഎയുടെ ഭാഗമായിരുന്ന കാലത്ത് 9 എം.എൽഎമാരും 2 എംപിമാരും ഉണ്ടായിരുന്നപ്പോൾ യുപിഎയുടെ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ പാർലമെന്റിലെ അംഗസംഖ്യ നിർണ്ണായകമായിരുന്നപ്പോഴും ,നിയമസഭയിൽ യുഡിഎഫിന് 2 സീറ്റുകൾ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴും കേന്ദ്രമന്ത്രിസ്ഥാനത്തിനുവേണ്ടി ഒരു അലോസരമോ നേരിയ സമ്മർദ്ദമോ സൃഷ്ടിക്കാത്ത പാർട്ടിയാണ് കേരളാ കോൺഗ്രസ്. കേന്ദ്രമന്ത്രിസ്ഥാനം അതുകൊണ്ടു തന്നെ കേരളാ കോൺഗ്രസ്സിനെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. കേന്ദ്രമന്ത്രിസ്ഥാനത്തിന്റെ പേരു പറഞ്ഞ് ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നവരുടെ പിന്നിലുള്ള ലക്ഷ്യമെന്താണ് എന്ന് നന്നായി ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.
ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പ്രാദേശികമായി വോട്ട് രേഖപ്പെടുത്തിയ സംഭവവികാസത്തെത്തുടർന്ന് കേരളാ കോൺഗ്രസ്സിനെ എൽഡിഎഫിന്റെ ഭാഗമായി ചിത്രീകരിച്ച ഇവർ ഇപ്പോൾ ജിഎസ്ടി യോഗത്തെത്തുടർന്ന് കേരളാ കോൺഗ്രസ്സിനെ ബിജെപിയുടെ ഭാഗമാക്കാൻ ശ്രമിക്കുകയാണ് . ഒരാഴ്ചമുമ്പ് ബിജെപിയുടെ പ്രസിഡണ്ടുസ്ഥാനാർത്ഥിക്കെതിരായി പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥിയായ മീരാകുമാറിന്റെ നാമനിർദ്ദേശപത്രികയിൽ ഒപ്പിട്ടുനൽകിയ പാർട്ടിയാണ് കേരളാ കോൺഗ്രസ്സെന്നും കഴിഞ്ഞ ദിവസം മീരാകുമാർ തിരുവനന്തപുരത്തു വന്നപ്പോൾ ആവശ്യമായ പിന്തുണ നേരിട്ട് പ്രഖ്യാപിക്കുകയും രാഷ്ട്രീയ നിലപാടു സ്വീകരിക്കുകയും ചെയ്ത പ്രസ്ഥാനമാണ് കേരളാ കോൺഗ്രസ്സെന്നും ഇവർ സൗകര്യപൂർവ്വം മറന്നുപോവുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ജിഎസ്ടി നിലവിൽ വരുന്നതിന്റെ ഭാഗമായുള്ള സമ്മേളനത്തിൽ പാർട്ടി ചെയർമാൻ  കെ.എം.മാണി പങ്കെടുത്തതിനെ ബിജെപിയുമായുള്ള ബന്ധമായി ചിത്രീകരിച്ചുകൊണ്ട് ചിലർ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ യാതൊരു കഴമ്പുമില്ല. കേരളാ കോൺഗ്രസ്സ് പാർട്ടിയെ ഏതെങ്കിലുമൊരു മുന്നണിയുടെ പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞ കുറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗീബല്സിന്റെ വേഷംകെട്ടിയ വ്യാജ പ്രചാരകർ തന്നെയാണ് ഇതിന്റെയും പിന്നിലുള്ളതെന്ന് തിരിച്ചറിയുന്നുണ്ട്. ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് ഞങ്ങൾക്കുള്ളതിനെക്കാൾ വേവലാതിയും കരുതലും ഈ ആത്മമിത്രങ്ങൾക്ക് ഉണ്ട് എന്നതിൽ നന്ദിയുണ്ട്.
ജിഎസ്ടി യോഗത്തിൽ എൻസിപി നേതാവായ ശരത് പവാർ അടക്കമുള്ള നിരവധി പ്രമുഖരായ നേതാക്കൾ പ്രതിപക്ഷനിരയിൽനിന്നും പങ്കെടുത്തിരുന്നു.അത് പോലെ തന്നെ മുൻ ധനകാര്യമന്ത്രിമാരും, മന്ത്രിതലസമിതിയുടെ മുൻ അദ്ധ്യക്ഷന്മാരും ഈ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. സിപിഎം യോഗത്തിൽനിന്നു വിട്ടുനിന്നപ്പോഴും പശ്ചിമബംഗാളിലെ സിപിഎം നേതാവും മുൻ ധനകാര്യ മന്ത്രി കൂടിയ ആയ അസിം ദാസ് ഗുപ്ത ചടങ്ങിൽ സംബന്ധിക്കുകയുണ്ടായി.  കെ.എം.മാണി ജിഎസ്ടിയെ സംബന്ധിച്ച മന്ത്രിതലസമിതിയുടെ അദ്ധ്യക്ഷനായിരുന്നയാൾ എന്ന നിലയിൽ കേന്ദ്രഗവൺമെന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. അദ്ദേഹം ആ ചടങ്ങിൽ പങ്കെടുക്കുമ്പോൾ പാർട്ടിയുടെ എം.പിമാരും ആ ചടങ്ങിൽ പങ്കെടുക്കുക സ്വാഭാവികമാണ്.

ചടങ്ങുകളിൽ പങ്കെടുക്കുന്നതിനെ രാഷ്ട്രീയബന്ധമായി ചിത്രീകരിക്കാനാണെങ്കിൽ ഡൽഹിയിൽ സ്ഥിരം നടക്കുന്ന ഇത്തരം യോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയായിരിക്കാം ഇത്തരക്കാരെ കള്ള പ്രചരണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ അജ്ഞതയ്ക്കപ്പുറം കേരളാ കോൺഗ്രസ്സിനെ സ്‌നേഹിച്ച് ശ്വാസം മുട്ടിക്കലാണ് ലക്ഷ്യം എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടുകൾ വളരെ സുവ്യക്തമാണ്. ചരൽക്കുന്ന് ക്യാമ്പിൽ കേരളാ കോൺഗ്രസ്സിന്റെ നേതാക്കൾ ഒറ്റക്കെട്ടായി എടുത്ത രാഷ്ട്രീയ തീരുമാനവും പ്രമേയവും ഇപ്പോഴും നിലനിൽക്കുകയാണ്. അതിൽ മാറ്റം വരുത്തേണ്ട സാഹചര്യം വരുമ്പോൾ അനുയോജ്യവും ഉചിതവുമായ നിലപാടു സ്വീകരിക്കാനുള്ള പ്രാപ്തി കേരളാ കോൺഗ്രസ്സിനുണ്ട്. അതു പാർട്ടി ഒറ്റക്കെട്ടായി സ്വീകരിക്കുക തന്നെ ചെയ്യും.