ജിഎസ്ടി: പ്രതിസന്ധി പരിഹരിക്കാൻ 175അംഗ സമിതി 

0
77

ജി.എസ്.ടി നടപ്പാക്കിയശേഷം ഉൽപ്പന്നങ്ങളുടെ വിലനിർണയത്തിൽ ആശയക്കുഴപ്പം തുടരുന്ന പശ്ചാത്തലത്തിൽ 175 മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രതിസന്ധി പരിഹാര സംവിധാനത്തിന് കേന്ദ്രസർക്കാർ രൂപംനൽകി. പല ഉൽപ്പന്നങ്ങളുടെയും വില രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേക സംവിധാനം. ജിഎസ്ടി നടപ്പാക്കി ദിവസങ്ങൾക്കുശേഷവും ഒരേ ഉൽപ്പന്നങ്ങൾക്ക് വിവിധയിടങ്ങളിൽ വ്യത്യസ്ത നിരക്കാണ്. ഇത്തരം പരാതി പരിശോധിച്ച് പരിഹാരം കാണലാണ് സമിതിയുടെ ദൌത്യം.

ഉൽപ്പന്നങ്ങളുടെ വിലയും വിതരണസംവിധാനവും നിരീക്ഷിച്ച് തടസ്സങ്ങളൊന്നുമില്ലെന്ന് സമിതി ഉറപ്പാക്കുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയ പറഞ്ഞു. അഡീഷണൽ സെക്രട്ടറി- ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചത്. ഓരോ ഉദ്യോഗസ്ഥനും 4-5 ജില്ലകളുടെ മേൽനോട്ട ചുമതലയാണ്. കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ഏകോപനവും ഇവരുടെ ഉത്തരവാദിത്തമായിരിക്കും. ജിഎസ്ടി നടപ്പാക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന ഏത് പ്രശ്‌നത്തിനും ഉന്നത ഉദ്യോഗസ്ഥരുടെ സമിതി പരിഹാരം കാണും.

സ്ഥിതിഗതി സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അന്യായമായ വിലവർധനയോ വിതരണ സംവിധാനത്തിൽ തടസ്സങ്ങളോ അനുവദിക്കില്ല. ചെറുകിട കച്ചവടക്കാർ ജിഎസ്ടി പ്രകാരം രസീതുകൾ നൽകേണ്ട ആവശ്യമില്ല. ഒരു നിശ്ചിത വിറ്റുവരവ് പരിധിയിൽ ഉൾപ്പെടുകയാണെങ്കിൽ ഇത്ര നികുതി അടയ്ക്കണമെന്ന നിബന്ധനമാത്രമാണ് അവർ പാലിക്കേണ്ടത്. വൻകിട കച്ചവടക്കാരും ഓരോ വിൽപ്പനയ്ക്കും കംപ്യൂട്ടർബിൽ നൽകണമെന്നില്ല. കൃത്യമായ ഇൻവോയിസ് നമ്പരോടെ കൈകൊണ്ട് എഴുതിയ ബില്ലും നൽകാം. ഇത് കണക്കാക്കി നികുതി റിട്ടേൺ സമർപ്പിച്ചാൽ മതി. ജിഎസ്ടിയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് മാധ്യമ പ്രചാരണത്തിന് സർക്കാർ തുടക്കമിട്ടിട്ടുണ്ടെന്നും അദിയ പറഞ്ഞു.