ഇസ്രയേലിൽ നടത്തിയ ചരിത്രപരമായ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജർമനിയിലേക്ക് തിരിച്ചു. ഹാംബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി യാത്രതിരിച്ചത്. പ്രോട്ടോകോൾ ലംഘിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിലെത്തി മോദിയെ യാത്രയാക്കി.
ഉച്ചകോടിക്കിടെ വെള്ളിയാഴ്ച ജി 20 രാജ്യങ്ങളുടെ നേതാക്കളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചിട്ടുള്ളത്.
ഭൂട്ടാൻ, ഇന്ത്യ, ചൈന അതിർത്തിയിലുള്ള ഡോക് ലാമിൽ ചൈനീസ് സൈന്യം റോഡ് നിർമ്മിച്ചതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.അതിനിടെ ബ്രിക്സ് നേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ജി 20 ഉച്ചകോടിക്കിടെ നടക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. മോദിയും ഷി ജിൻ പിങ്ങുമായി ഉഭയകക്ഷി ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. ബ്രിക്സ് നേതാക്കൾക്ക് പുറമെ അർജന്റീന, കാനഡ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, യു.കെ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്ലെ പറഞ്ഞു.