നെഹ്‌റു ഗ്രൂപ്പിനായി സുധാകരന്‍ ചര്‍ച്ച ചെയ്തത് ബിജെപി നേതാവിന്റെ വീട്ടില്‍

0
1069

കൃഷ്ണദാസിനെതിരായ കേസ് പിൻവലിച്ചുകൂടേയെന്ന് കെ സുധാകരൻ ചോദിച്ചതായി ഷഹീർ 


നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കെ കൃഷ്ണദാസിനെതിരായ പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നേതാവ് കെ സുധാകരൻ ഇടപെട്ടത് നേതൃത്വത്തിന്റെ നിർദേശത്തോടെ. തുടക്കംമുതൽ കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുകയായിരുന്നു. ഇക്കാര്യം സിപിഐ എം പുറത്തുകൊണ്ടുവന്നപ്പോൾ കോൺഗ്രസ് അത് നിഷേധിച്ചിരുന്നു. എന്നാൽ, സംസ്ഥാനനേതാവ് കെ സുധാകരൻതന്നെ പരസ്യമായി രംഗത്തുവന്നതോടെ കൃഷ്ണദാസുമായുള്ള കോൺഗ്രസ് ബന്ധം മറനീക്കി. പരാതിക്കാരനുമായി ചർച്ചചെയ്യാൻ ബിജെപി പ്രവർത്തകന്റെ വീട് തെരഞ്ഞെടുത്തതോടെ സംഘപരിവാറിന്റെ കാപട്യവും വെളിവായി. .

നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടി ലോ കോളേജിലെ രണ്ടാംവർഷ എൽഎൽബി വിദ്യാർഥി ചെർപ്പുളശേരി സ്വദേശി ഷഹീർ ഷൌക്കത്തലി നൽകിയ പരാതി പിൻവലിപ്പിക്കുന്നതിനാണ് കെ സുധാകരൻ ഇടപെട്ടത്. സ്ഥലത്തെ ബിജെപി പ്രവർത്തകൻ രാമചന്ദ്രന്റെ വീട്ടിലായിരുന്നു ചൊവ്വാഴ്ച രാത്രി ഒത്തുതീർപ്പുചർച്ച. ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി തടഞ്ഞതോടെയാണ് സംഭവം പുറത്തായത്. ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് ചെർപ്പുളശേരിയിൽ സുധാകരനെയും കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണകുമാർ, പിആർഒ പ്രേംകുമാർ എന്നിവരെയും തടഞ്ഞത്. സുധാകരനോടൊപ്പം തിരുവില്വാമലയിലെ കോൺഗ്രസ് നേതാവ് നവീനുമുണ്ടായിരുന്നു. പൊലീസെത്തിയ ശേഷമാണ് ഇവർക്ക് പുറത്തുപോകാനായത്.

കൃഷ്ണദാസും സംഘവും ക്രൂരമായി മർദിച്ചുവെന്ന ഷഹീറിന്റെ പരാതിയെത്തുടർന്ന് കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചുപേരെ മാർച്ച് 20ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് ഇവരെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഈ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ടത്. താൻ വന്നത് കേസ് ഒത്തുതീർക്കാനാണെന്ന് ചൊവ്വാഴ്ച രാത്രിതന്നെ സുധാകരൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. കൃഷ്ണദാസിനെതിരായ കേസ് പിൻവലിച്ചുകൂടേയെന്ന് കെ സുധാകരൻ ചോദിച്ചതായി ഷഹീർ ഷൌക്കത്തലി പറഞ്ഞു. ‘കണ്ണൂരിൽനിന്ന് വലിയ നേതാവ് വരുന്നുണ്ട്. അവരുമായി ഒന്നുസംസാരിച്ചുകൂടേ’ എന്ന് വേണ്ടപ്പെട്ട ഒരാൾ നിർബന്ധിച്ചതുകൊണ്ടാണ് രാമചന്ദ്രന്റെ വീട്ടിലെത്തിയത്. ഒരു കാരണവശാലും കേസ് പിൻവലിക്കില്ലെന്ന നിലപാട് ആവർത്തിക്കാനാണ് പോയതെന്നും ഷഹീർ പറഞ്ഞു. ചർച്ചയിൽ ബാപ്പ ഷൌക്കത്തലിയും പങ്കെടുത്തു. കേസ് പിൻവലിച്ചാൽ എന്തുവേണമെങ്കിലും ചെയ്യാമെന്ന് കൃഷ്ണദാസ് പല തവണ അറിയിച്ചതായി ഇവർ പറഞ്ഞു.

ജിഷ്ണു മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് ജനുവരി മൂന്നിനാണ് ഷഹീറിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പാമ്പാടി നെഹ്‌റു കോളേജിൽവച്ച് കൃഷ്ണദാസും സംഘവും ക്രൂരമായി മർദിച്ചത്. കോളേജിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഷഹീർ മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയിൽ പരാതി അയച്ചതിന്റെ വിരോധം തീർക്കാനായിരുന്നു മർദനം. സംസ്ഥാനസർക്കാർ വീഴ്ചകൂടാതെ കേസ് അന്വേഷിക്കുകയും ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്തു. എന്നിട്ടും സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താനാണ് കോൺഗ്രസ് നേതൃത്വം തുടക്കംമുതൽ ശ്രമിച്ചത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി സർക്കാരിനെ കളങ്കപ്പെടുത്താൻ ഇവർ നടത്തിയ നാടകത്തിന്റെ മുഖംമൂടിയാണ് സുധാകരന്റെ ഇടപെടലോടെ പൊളിഞ്ഞത്. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ല കെ സുധാകരൻ ഇടപെട്ടതെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ അവകാശപ്പെട്ടെങ്കിലും അത് വിശ്വസിക്കാൻ പ്രവർത്തകർപോലും തയ്യാറല്ല.