സ്ത്രീധന തുകയുടെ ബാക്കിയായ 10,000 രൂപ കൂടി നല്‍കാത്തതിന്റെ പേരില്‍ വരന് വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു കടന്നു. ഇന്നലെ ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. സ്ത്രീധനമായി ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപയില്‍ നിന്ന് പതിനായിരം രൂപയുടെ കുറവ് ഉണ്ടായി. ഇതാണ് വരനേയും കൂട്ടരേയും രോഷാകുലരാക്കിയത്.
തിങ്കള്‍ രാത്രിയായിരുന്നു മലയ്പുര്‍ ഗ്രാമത്തിലെ വിധവയായ ഫൂലോ ദേവിയുടെ മകള്‍ കൗസല്യയും നാഗ്പുര്‍ ഗ്രാമത്തിലെ അമാന്‍ ചൗധരിയുമായുള്ള വിവാഹം. സ്വന്തം ഗ്രാമത്തിലേക്കു പിറ്റേന്നു രാവിലെ പുറപ്പെടുന്നതിനു മുന്നോടിയായി സ്ത്രീധനത്തിന്റെ ബാക്കി തുക അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കുറച്ചുകൂടി സാവകാശം വേണമെന്ന് ദേവിയും ഗ്രാമീണരും ആവശ്യപ്പെട്ടു.
വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാര്‍ നാഗ്പൂരിലേക്കു യാത്ര തിരിച്ചെങ്കിലും രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ ശേഷം കൗസല്യയെ വഴിയിലിറക്കി വിടുകയായിരുന്നു. രണ്ടു മണിക്കൂറോളം അമാനെ കാത്തിരുന്നശേഷം കൗസല്യ വീട്ടില്‍ തിരികെയെത്തുകയായിരുന്നു. അതേസമയം, വരന്റെ നടപടിക്കെതിരെ മാതാവ് പൊലീസില്‍ പരാതി നല്കി.