പാതയോരത്ത് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ട യുവമോര്‍ച്ച നേതാവ് മരിച്ചു

0
103

 

ഒരാൾ ചതിച്ചു എന്ന നിലയിലെഴുതിയ കുറിപ്പും ഒറ്റപ്പാലത്തെ  സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാർഡും കണ്ടെടുത്തു

                             സജിന്‍ രാജ്

ദേശീയപാതയോരത്തെ കടയുടെ സമീപം പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ യുവമോർച്ച പാലക്കാട് ജില്ലാസെക്രട്ടറി പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയിൽവീട്ടിൽ രാജന്റെ മകൻ സജിൻരാജ് (ലാലു-31) മരിച്ചു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ആറ്റിങ്ങൽ മാമം പാലത്തിനടുത്തുളള കടത്തിണ്ണയിൽ ഇയാളെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പോലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ വൈകീട്ട് 3.30 ഓടെയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതകളുണ്ടെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

മാമംപാലത്തിനും പാലമൂട് ജംഗ്ഷനും ഇടയ്ക്ക് ഏതാനുംമീറ്റർ അകത്തേയ്ക്ക് മാറിയുളള കടത്തിണ്ണയിലാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. ആളൊഴിഞ്ഞ ഈ ഭാഗത്ത് ഞരക്കംകേട്ട് സമീപത്തെ കടയുടെ കാവൽക്കാരൻ നോക്കുമ്പോഴാണ് തലയ്ക്ക് താഴേയ്ക്ക് പൊള്ളലേറ്റ സജിൻ രാജിനെ കാണുന്നത്. കാവൽക്കാരൻ ഉടൻതന്നെ പോലീസിനെ അറിയിക്കുകയും പോലീസെത്തി ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇയാൾക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നതായി മെഡിക്കൽകോളേജധികൃതർ അറിയിച്ചു.

ഇയാൾ കിടന്നിരുന്നതിന് സമീപത്തായി തിരുവനന്തപുരം കരമനസ്വദേശിയുടെ ഉടമസ്ഥതയിലുളള ടാക്സികാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ഈ കാറിലാണ് ഇയാൾ ഇവിടെയെത്തിയതെന്ന് പോലീസ് കരുതുന്നു. കാറിനുള്ളിൽ നിന്ന് ഒരുകുപ്പിയിൽ നിറയെ പെട്രോളും പെട്രോൾ നിറച്ച ശേഷം ഒഴിഞ്ഞ നിലയിലുളള മറ്റൊരു കുപ്പിയും പോലീസിന് ലഭിച്ചിട്ടുണ്ട്.ഒരാൾ ചതിച്ചു എന്ന നിലയിലെഴുതിയ കുറിപ്പും ഒറ്റപ്പാലത്തെ ബി.ആർ.ടൂർസ് ആന്റ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാർഡും കാറിനുള്ളിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ നിർത്തിയിട്ടശേഷം ഇയാൾ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹപരിശോധനയും മൊഴികളും ശേഖരിച്ചശേഷമേ കൃത്യമായ നിഗമനത്തിലെത്താനാകൂവെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ എ.എസ്.പി. ആർ.ആദിത്യ, സി.ഐ. എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഒറ്റപ്പാലത്ത് രാജപ്രസ്ഥം ട്രാവൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന സജിൻരാജ് അച്ഛൻ നടത്തുന്ന ലോട്ടറി ഏജൻസിയിലും ജോലി ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചവരെ ഒറ്റപ്പാലത്തുണ്ടായിരുന്ന ഇയാളെ ഉച്ചയ്ക്ക് ശേഷം കാണാതായതായാണ് ബന്ധുക്കൾ പോലീസിന് നല്കിയിട്ടുളള വിവരം. അവിവാഹിതനാണ്. അമ്മ: സുമംഗല. സഹോദരങ്ങൾ: ജിതിൻരാജ്, ജിനുരാജ്.