‘വെളിവു നിറഞ്ഞോരീശോ…’ രചിച്ചത് കൊട്ടാരത്തിൽ ശങ്കുണ്ണി

0
516

ഓർത്തഡോക്‌സ് സഭയിലെ വിശുദ്ധ കുർബ്ബാന ആരംഭിക്കും മുമ്പുള്ള ‘വെളിവു നിറഞ്ഞോരീശോ…’’എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്ര പേർക്ക് അറിയാം?. ഐതിഹ്യമാല എന്ന കൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായ കൊട്ടാരത്തിൽ ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈ ഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല വിശുദ്ധ കുർബ്ബാന മദ്ധ്യേയുള്ള ഭൂവിലശേഷം, പൗലോസ് ശ്ലീഹാ ധന്യൻ ചൊൽകട്ടെ, അമ്പുടയോനെ നിന്വാതിൽ തുടങ്ങിയ ഗീതങ്ങളും അദ്ദേഹം രചിച്ചവയാണ്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർഥം വരെ നമ്മുടെ ആരാധനാ ഗീതങ്ങളെല്ലാം സുറിയാനി ഭാഷയിലുള്ളവയായിരുന്നു. ഇതു കാവ്യഭംഗിയോടെ തർജ്ജമ ചെയ്യപ്പെട്ടത് സി.പി. ചാണ്ടിയുടെ നേതൃത്വത്തിൽ 1940 മുതലാണ്. എന്നാൽ അതിനും മുൻപേതന്നെ പുലിക്കോട്ടിൽ തിരുമേനിയുടെ ആഗ്രഹത്താൽ സുറിയാനി ഗീതങ്ങൾ മലയാളത്തിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയിരുന്നു. 1897ൽ പരിശുദ്ധ പരുമല തിരുമേനിയായിരുന്നു ഈ ഉദ്യമത്തിനു മുൻകൈയ്യെടുത്തത്. അതിപുരാതനമായ അന്ത്യോക്യൻ സുറിയാനി നമസ്‌കാരത്തിലെ ചില ഭാഗങ്ങൾ തർജ്ജമ ചെയ്ത് ചെറുതാക്കി ആരാധനയ്ക്കു ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.. ഗീതങ്ങളും, പ്രാർത്ഥനാ ഭാഗങ്ങളും തയ്യാറാക്കാൻ പരുമല തിരുമേനി കണ്ടെത്തിയതാവട്ടെ ഭാഷാ നിപുണരായ വള്ളത്തോൾ, കൊട്ടാരത്തിൽ ശങ്കുണ്ണി, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള എന്നിവരെ. ഇണത്തിനോ അര്ത്ഥത്തിനോ ഒരു കോട്ടവും തട്ടിയില്ല എന്നുമാത്രമല്ല കാവ്യഭംഗി നിറഞ്ഞു തുളുമ്പുന്നതുമായി ഗീനങ്ങൾ. തർജ്ജമക്കായി സുറിയാനി ഗീതങ്ങളുടെ അര്ത്ഥം പറഞ്ഞു കൊടുത്ത് സഹായിച്ചത് മാര് ദിവന്ന്യാസിയോസായിരുന്നു. എന്നാൽ പുസ്തകം പുറത്തു വരുംമുമ്പെ പരുമല തിരുമേനി കാലംചെയ്തു. 1910ൽ കോനാട്ട് അബ്രഹാം മൽപ്പാനാണ് പാമ്പാക്കുട നമസ്‌കാരം എന്നറിയപ്പെടുന്ന മലയാളത്തിലെ ആദ്യ ആരാധനാ ഗീതങ്ങള് പുറത്തിറക്കിയത്.