സിപിഎം നേതാക്കളുടെ ക്വട്ടേഷന്‍ ആക്രമണം; ഗൾഫ് വ്യവസായിയെ പ്രതി ചേർത്തു

0
75

സി പി എം നേതാക്കൾ പ്രതികളായ ക്വട്ടേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഗൾഫ് വ്യവസായിയെയും പോലീസ് പ്രതി ചേർത്തു. അക്രമക്കേസിൽ പരാതിക്കാരനായ കുറ്റിക്കോലിലെ കെ അബ്ദുൽ നാസറിന്റെ സഹോദരീ ഭർത്താവായ കാഞ്ഞങ്ങാട്ടെ ഇബ്രാഹിം ഹാജിയെയാണ് ബേഡകം പോലീസ് പ്രതി ചേർത്തത്. ഇബ്രാഹം ഹാജിയാണ് അക്രമത്തിന് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇബ്രാഹിം ഹാജി ഗൾഫ് വ്യവസായിയാണ്. അഞ്ചുലക്ഷം രൂപയാണ് ക്വട്ടേഷന് നൽകിയത്. ഈ കേസിൽ അറസ്റ്റിലായ സി പി എം നേതാക്കൾ അടക്കമുള്ളവരെ കോടതി റിമാൻഡ് ചെയ്തു. മുളിയാർ മുൻ പഞ്ചായത്ത് മെമ്ബറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ചെങ്കള കെ.കെ പുറത്തെ സി.കെ മുനീർ (33), സിപിഎം മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖ് (31), ആലൂരിലെ ടി.എ സൈനുദ്ദീൻ (34), ക്വട്ടേഷൻ സംഘത്തിൽപെട്ട വിദ്യാനഗർ ചാല റോഡിലെ മുഹമ്മദ് അസ്ഹറുദ്ദീൻ (20) എന്നിവരെയാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

കേസിൽ ഇബ്രാഹിം ഹാജി ഉൾപ്പെടെ രണ്ടുപേരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് കുറ്റിക്കോലിലെ കെ. അബ്ദുൽ നാസർ (56), ഭാര്യ ഖൈറുന്നീസ (40), മകൻ ഇർഷാദ് (എട്ട്) എന്നിവരെ സംഘം ആക്രമിച്ചു പരിക്കേൽപിച്ചത്. കുറ്റിക്കോൽ ടൗണിലേക്ക് വന്ന അബ്ദുൽ നാസറും കുടുംബവും കാറിൽ വീട്ടിലേക്ക് തിരിച്ചുപോകുമ്‌ബോൾ വീടിന് സമീപത്ത് വെച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കാർ തടഞ്ഞ് ആക്രമം നടത്തിയത്. അബ്ദുൽനാസറിനെയും ഭാര്യയെയും മകനെയും ക്വട്ടേഷൻ സംഘമാണ് ആക്രമിച്ചതെന്ന് തുടക്കത്തിൽ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺവിളികൾ അടക്കമുള്ള വിവരങ്ങൾ പരിശോധിച്ചതോടെ അക്രമിസംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ തന്നെ പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു. രാഷ്ട്രീയ പിടിപാടുള്ളവരായതിനാൽ മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. മുമ്പ് അബ്ദുൽ നാസറും ഇബ്രാഹിംഹാജിയും ഗൾഫിൽ ഒരുമിച്ച് ബിസിനസ് നടത്തിയിരുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ബദ്ധ ശത്രുക്കളായി മാറി. ബിസിനസ് സംബന്ധിച്ച തർക്കമാണ് കാരണം. ഇതോടെ അബ്ദുൽ നാസറിനെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. സിപിഎം മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖിനെയാണ് ഇബ്രാഹം ഹാജി ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇന്റർലോക്ക് ജോലിക്കാരനായ റഫീഖ് അഞ്ചുവർഷം മുമ്പ് ഇബ്രാഹിം ഹാജിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നു. ഇങ്ങനെയാണ് ഇരുവരും പരിചയത്തിലായത്.

ഇബ്രാഹിം ഹാജി പെട്രോൾ പമ്പ് വിലക്കെടുത്തപ്പോൾ ഇടനിലക്കാരനായി നിന്നതും റഫീഖാണ്. ഇതോടെ രണ്ടുപേരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. ഇതോടെ അബ്ദുൽ നാസറിനെ ആക്രമിക്കാനുള്ള ചുമതല ഇബ്രാഹിം ഹാജി ഏൽപ്പിക്കുകയായിരുന്നു. റഫീഖ് അടുത്ത സുഹൃത്തും സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ സി കെ മുനീറിനോട് വിവരം പറയുകയും സാമ്ബത്തിക നേട്ടം ചൂണ്ടിക്കാട്ടി ഒപ്പം കൂട്ടുകയും ചെയ്തു. അബ്ദുൽ നാസറിന്റെ നീക്കങ്ങൾ സൈനുദ്ദീനാണ് നിരീക്ഷിച്ചിരുന്നത്. ആക്രമണത്തിനുള്ള സാഹചര്യം പ്രതികൾ തുടർന്ന് കണ്ടെത്തുകയായിരുന്നു.