കൊച്ചി: പഠിക്കാൻ മോശമാണെന്ന പേരിൽ സ്കൂളിൽ നിന്നും പുറത്താക്കിയ ആറാം ക്ലാസുകാരനെ ഉടൻ തിരിച്ചെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.ഇടപ്പള്ളി അൽ അമീൻ പബ്ളിക് സ്കൂളാണ് പഠിക്കാൻ മികവില്ലെന്ന പേരിൽ ആറാം ക്ലാസ് വിദ്യാർഥിയെ പറഞ്ഞു വിട്ടത്. കുട്ടിയെ ക്ലാസിൽ തിരികെ പ്രവേശിപ്പിച്ച ശേഷം സ്കൂൾ പ്രിൻസിപ്പൽ ജൂലൈ 17 ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് ഇടക്കാല ഉത്തരവിൽ പറഞ്ഞു. സ്കൂളിൽ പോകാൻ കഴിയാതെ ആറാം ക്ലാസുകാരൻ വീട്ടിൽ തന്നെ കഴിയുകയാണെന്ന വസ്തുത ഞെട്ടിക്കുന്നതാണെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു.പഠിക്കാനുള്ള അവകാശം ഭരണഘടനാദത്തമായ ഒരു രാജ്യത്ത് നടക്കുന്ന ഇത്തരം പ്രവണതകൾ അശാസ്യകരമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.വിദ്യാർഥി ശാരീരാകാസ്വസ്ഥതതകൾ നേരിടുന്നയാളാണെന്ന് കുട്ടിയുടെ അമ്മ മുംതാസ് ഹമീദ് കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇത് പഠിത്തത്തെ ബാധിച്ചിരിക്കാമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പഠിക്കാൻ മികവില്ലെന്ന പേരിൽ ഒരു കുട്ടിയെയും സ്കൂളിൽ നിന്നും പുറത്താക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് ഉത്തരവിൽ പറഞ്ഞു.പ്രിൻസിപ്പലിനു പുറമേ സ്കൂൾ മാനേജരും വിശദീകരണം ഫയൽ ചെയ്യണം.പരാതിക്കാരിയെയും സ്കൂൾ അധികൃതരെയും കേട്ടശേഷം ഇക്കാര്യത്തിൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.