അമീറ സ്വയമേവ ഒരു കൊടിയടയാളമാണ്  

0
835

”നീ തകര്‍ക്കെടീ…. ആരില്ലെങ്കിലും നിനക്ക് ബാപ്പിയുണ്ട് മോളെ… പിന്നെ , എന്നെയും നിന്നെയും അറിയുന്ന, നമ്മുടെ മുദ്രാവാക്യങ്ങളിലെ ചൂട് അറിയുന്ന ,ചൂരറിയുന്ന, പച്ച മണ്ണിൽ കാലു കുത്തി വിപ്ലവം പറയുന്ന നേരുള്ള കുറെ സഖാക്കളും ഉണ്ടാവും. ലാല്‍സലാം … മുസ്ലിം വേഷത്തില്‍ ചെങ്കൊടിയും ഏന്തി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത മകള്‍ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ സൗദിയിലെ നജ്‌റാനിൽനിന്നും ആലപ്പുഴക്കാരനായ പിതാവ് ഹക്കീം ഖാന് ഇങ്ങനെ കുറിക്കാതിരിക്കാന്‍ ആകുമായിരുന്നില്ല.

അമീറ അല്‍ അഫീഫഖാനും അവൾ കൈയിലേന്തിയ ചെഗുവേരയുടെ ചിത്രമുള്ള ചെങ്കൊടിയും സോഷ്യൽ മീഡിയയിൽ വൈറലും വിവാദവുമായിരിക്കുകയാണ്. അമീറയെ അനുകൂലിച്ചും എതിർത്തും കമൻറുകളുടെ പ്രവാഹം ആയിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം എം.എസ്.എം കോളജിലെ ബി.എസ്.സി ബയോ ടെക്‌നോളജി രണ്ടാം വർഷ വിദ്യാർഥിനിയാണ് ആറാട്ടുപുഴ സ്വദേശിയായ അമീറ. എസ്.എഫ്‌.െഎ ഏരിയാ കമ്മറ്റി അംഗം കൂടിയായ അമീറ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് വാളിൽ ഇട്ട ചിത്രമാണിത്. മുൻകൈയും മുഖവും ഒഴികെ പർദയും നിഖാബും ധരിച്ച് ചെഗുവേര ചിത്രമുള്ള ചെങ്കൊടിയുമേന്തി കോളജ് കവാടത്തിൽ അമീറ നിൽക്കുന്നതാണ് ചിത്രം.


മുസ്ലിം വേഷത്തോടെ ചെങ്കൊടിയുമേന്തി നിൽക്കുന്ന ചിത്രം ചിലരെ ആവേശം കൊള്ളിച്ചപ്പോള്‍ ചിലരെ  അത് ദേഷ്യം പിടിപ്പിച്ചു. മതിനിരപേക്ഷമായ എസ്.എഫ്‌.െഎ പോലൊരു സംഘടനയിൽ മത ചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് അമീറ അണിനിരന്നതിനെ ചിലർ േചാദ്യം ചെയ്യുേമ്പാൾ അമീറയുടെ ആർജവത്തെ പുകഴ്ത്തിയും നിരവധിപേർ രംഗത്തുവന്നു.പത്താം ക്ലാസിൽ മികച്ച വിജയം നേടിയതിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ സമ്മാനം നൽകിയ വേദിയിൽ മുദ്രാവാക്യം മുഴക്കി അഭിവാദ്യംചെയ്ത കുട്ടിയാണ് അമീറ എന്നറിയാതെയാണ് പലരും അവളെ ചോദ്യം ചെയ്തത്.

വിമര്‍ശനം ചൂടുപിടിച്ചപ്പോൾ അമീറക്ക് പിന്തുണയുമായി രംഗത്തുവന്നത് പിതാവ് ആറാട്ടുപുഴ ഹക്കീം ഖാനാണ്. പാര്ട്ടി പുസ്തകങ്ങൾ വായിച്ചല്ല താൻ പാര്ട്ടിയെക്കുറിച്ച് പഠിച്ചതെന്നും തന്റെ വീടിന്റെ പരിസരത്ത് ജീവിച്ച ബീഡിതെറുപ്പുകാരും തെങ്ങുകയറ്റക്കാരും മീൻപിടുത്തക്കാരുമായ തൊഴിലാളികളിൽനിന്നാണ് പാർട്ടിക്കാരനായതെന്നും ഹക്കീം ഖാൻ പോസ്റ്റിൽ പറയുന്നു.
യുവകവി ശൈലൻ അമീറക്ക് പിന്തുണയുമായി ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍..
”പണ്ട് കുട്ടിയായിരുന്ന എനിക്ക്, അന്നത്തെ സി.പി.എം ജനറൽ സെക്രട്ടറി ആയിരുന്ന ഹർകിഷൻസിംഗ് സുർജിത് താടിയും തലപ്പാവുമുൾപ്പടെയുള്ള മതചിഹ്നങ്ങൾ ധരിക്കുന്നത് വല്യ കല്ലുകടിയായ് തോന്നിയിരുന്നു.. ഇന്നിപ്പോൾ, ഐൻറ സുഹൃത്തുകൂടിയായ സഖാവ് അമീറ കറുത്ത പർദ്ദയും കണ്ണുമാത്രം പുറമെ കാണുന്ന നിക്കാബുമിട്ട് ചെഗുവേരയുടെ പടമുള്ള ചെങ്കൊടി വീശി നിൽക്കുന്ന ചിത്രം പലർക്കും വൈറൽ ദഹനക്കേട് ഉണ്ടാക്കുന്നുണ്ടെങ്കിലും എനിക്ക് അത് ഉൾക്കൊള്ളാനുള്ള വളർച്ച ആയിരിക്കുന്നു.. അമീറ സ്വയമേവ ഒരു കൊടിയടയാളമാണ്.. ഗോ എഹെഡ്” എന്നായിരുന്നു ശൈലെൻറ കമൻറ്..