അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ് എടുത്തു. അദ്ദേഹത്തിന്റെ ഭാര്യ റാബ്രി ദേവി, മകന് തേജസ്വി യാദവ് എന്നിവര്‍ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2004-09 കാലഘട്ടത്തില്‍ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. ഐആര്‍സിടിസി എംഡിയും രണ്ട് ഡയറക്ടര്‍മാരും കേസില്‍ പ്രതിയാണ്.
കൂടാതെ ലാലുവിന്റേയും ബന്ധുക്കളുടേയും വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. ഡല്‍ഹി, പട്ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് സിബിഐ സംഘം പരിശോധന നടത്തുന്നത്.
ഐആര്‍സിടിസി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി, ലാലുവിന്റെ സഹായി പ്രേം ചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം.