ഇതാവണം ഭരണകാല ഡി.വൈ.എഫ്.ഐ

0
2720

ചുവപ്പ് മുണ്ടുടുത്ത് വർഗീയതയെ ചെറുക്കലും ബീഫ് ഫെസ്റ്റും വിപ്ലവ രക്ഷാബന്ധനും ഒക്കെയായി പതിവ് ചെറുത്തുനിൽപ്പുകൾ തുടരുന്നുണ്ടെങ്കിലും ഈ ഇടതു ഭരണ കാലത്തിൽ ഡി.വൈ.എഫ്.ഐ ക്രിയാത്മകമായി മാറുന്നുവെന്നാണ് അനുഭവങ്ങൾ..

by വെബ് ഡെസ്‌ക്

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സൗജന്യ ഉച്ച ഭക്ഷണ വിതരണം ദേശീയ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

ഇടതുപക്ഷം സംസ്ഥാനം ഭരിക്കുന്ന വേളകളിൽ എല്ലാം ഡി.വൈ.എഫ്.ഐ സമ്മേളനങ്ങളിൽ ഉയരുന്ന ഒരു വിമർശനം ഉണ്ട്. സംഘടന നിർജീവമായി എന്നത്. അതതു കാലങ്ങളിലെ സംസ്ഥാന ജില്ലാ കമ്മറ്റികൾ സ്വയം വിമർശനനാത്മകമായി അത് ഏറ്റെടുത്തുവെന്ന് പറയുക മാത്രമാണ് പതിവ്. ചുവപ്പ് മുണ്ടുടുത്ത് വർഗീയതയെ ചെറുക്കലും ബീഫ് ഫെസ്റ്റും വിപ്ലവ രക്ഷാബന്ധനും ഒക്കെയായി പതിവ് ചെറുത്തുനില്പ്പുകൾ തുടരുന്നുണ്ടെങ്കിലും ഈ ഇടതു ഭരണ കാലത്തിൽ ഡി.വൈ.എഫ്.ഐ ക്രിയാത്മകമായി മാറുന്നുവെന്നാണ് അനുഭവങ്ങൾ. എന്തായാലും ജനകീയ പ്രവർത്തനങ്ങളുടെ പുതുവഴിത്താര വെട്ടിത്തുറക്കുകയും ജനകീയ ബന്ധം ഊട്ടിയുറപ്പിച്ചു എടുക്കുകയും ചെയ്യുന്ന ജില്ലാ കമ്മറ്റികൾ നിർജീവം എന്ന പഴി മാറ്റിയെഴുതും എന്നുറപ്പാണ്.

എൻഡോസൾഫാൻ ഇരകൾക്കായി സുപ്രീംകോടതി വരെ പോരടിച്ച് അവർക്ക് ആശ്വാസ വിധി സമ്മാനിച്ച പാത തുടർന്നുകൊണ്ട് സമര സംഘടനാപ്രവർത്തനം മാത്രമല്ല, ജീവകാരുണ്യപ്രവർത്തനങ്ങളും വഴങ്ങുമെന്നു തെളിയിക്കുകയാണ് തലസ്ഥാന ജില്ലയിൽ ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം മെഡിക്കൽകോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണമൊരുക്കുന്ന പദ്ധതിക്ക് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരുമാസം കൊണ്ട് ഒരുലക്ഷം പൊതിച്ചോറുകളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിതരണം ചെയ്തത്. വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം – ഇതാണ് മെഡിക്കൽ കോളജിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് ഡി.വൈ.എഫ്.ഐ കണ്ടെത്തിയ പേര്.

ജനുവരി ഒന്നിന് നൂറു പൊതികൾ വിതരണം ചെയ്തായിരുന്നു തുടക്കം. ഇപ്പോൾ ദിനംപ്രതി 3500 മുതൽ അയ്യായിരം വരെയായി. മെഡിക്കൽ കോളജ്, ശ്രീചിത്ര, ആർ.സി.സി എന്നിവിടങ്ങളിൽ ദൂരദിക്കുകളിൽ നിന്നും ചികിത്സക്കായെത്തിയവർക്ക് ലഭിക്കുന്ന ആശ്വാസം ചെറുതല്ല. വലിപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരും പന്ത്രണ്ടുമണിമുതൽ ഈ നീണ്ടനിരയുടെ ഭാഗമാകുന്നു. ഓരോ ദിവസവും ഓരോ മേഖലാകമ്മിറ്റികൾക്കാണ് പൊതിച്ചോറുകൾ തയാറാക്കുന്ന ചുമതല. പ്ലാസ്റ്റിക് ഒഴിവാക്കണം എന്നതുമാത്രമാണ് പൊതിച്ചോറുകൾ നൽകുന്നവരോടുള്ള ഏകനിബന്ധന. മാനുഷം എന്ന പേരിൽ പുറത്തിറക്കിയ രക്തദാന മൊബൈൽ ആപ്ലിക്കേഷനുപിന്നാലെ പൊതിച്ചോർ പദ്ധതിയും സ്വീകരിക്കപ്പെടുന്നതിന്റെ ആവേശത്തിലാണ് ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ.
തിരുവനന്തപുരത്തെ മാതൃക ആദ്യം പകർത്തിയത് കൊല്ലം ജില്ലാ കമ്മറ്റിയാണ്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തുന്ന

കണ്ണൂരിലെ രക്തദാനത്തില്‍ കണ്ണി ചേരുന്ന ടി.വി.രാജേഷ് എം.എല്‍.യും സി.കെ വിനീതും

രോഗികൾക്ക് ഉച്ച ഭക്ഷണം സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കവും കുറിച്ചു. തൃശൂർ മെഡിക്കൽ കോളേജിലും അവിടത്തെ ജില്ലാ ഘടകം പദ്ധതി ഏറ്റെടുത്ത് നടത്തി. ഓരോ വീടുകളിലും എത്തി അവിടന്ന് പൊതിച്ചോർ സ്വീകരിക്കുന്ന രീതി പഴയ ഡി.വൈ.എഫ്.ഐ പ്രാദേശിക സമ്മേളനങ്ങളെ ഓർമിപ്പിക്കുന്ന ഒന്നായി. ജനസമ്പർക്കത്തിനായി പ്രത്യേക ദിനം ഒന്നും വേണ്ട. ഓരോ പൊതിച്ചോറും ഓരോ കുടുംബവുമായും അശരണരായ ഒരു കൂട്ടവുമായുള്ള ഹൃദയ ബന്ധം ആകുന്ന വിസ്മയം.

സംസ്ഥാനത്ത് ഏറ്റവും അധികം രക്തദാനം ചെയ്യുന്ന സംഘടന എന്ന പുണ്യം പലവട്ടം സ്വന്തമാക്കിയ ഡി.വൈ.എഫ്.ഐ ജില്ലാ ഘടകങ്ങൾ ഈ പനിക്കാലത്തും വ്യത്യസ്തത സൃഷ്ട്ടിച്ചു. കണ്ണൂർ ജില്ലാ കമ്മറ്റിയാണ് ഇതിന് തുടക്കം ഇട്ടത്. പകർച്ചപ്പനി ബാധിച്ച രോഗികൾക്ക് പ്ലേറ്റ്‌ലറ്റിനും മറ്റ് രക്ത ഘടകങ്ങൾക്കും അനുഭവപ്പെടുന്ന വർദ്ധിച്ച ആവശ്യം പരിഗണിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, തലശ്ശേരി ജനറൽ ആശുപത്രി എന്നീ ബ്ലഡ് ബാങ്കുകൾ കേന്ദ്രീകരിച്ച് ജൂൺ 27 മുതൽ 1 ആഴ്ച നീണ്ടു നിന്ന രക്തദാന പരിപാടി സംഘടിച്ചപ്പോൾ പ്രശസ്ത ഫുട്ബോളർ സി.കെ.വിനീത് അടക്കമുള്ളവർ അതിൽ കണ്ണി ചേർന്നു. കൊല്ലം ജില്ലാ ഘടകവും സമാനമായ ഉദ്യമം നടത്തി. കൊല്ലം ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും എത്തുന്ന രോഗികൾക്കുള്ള ബ്ലഡ് സൗജന്യമായി ബ്ലഡ് ബാങ്കിൽ എത്തിച്ചു. ഉച്ചഭക്ഷണവുമായി എത്തുന്ന മേഖലാ കമ്മറ്റികളിൽ നിന്നുള്ള യുവാക്കൾ ആണ് ഊഴത്തിനു അനുസരിച്ച് രക്തം ദാനം ചെയ്തത്.

തിരുവനന്തപുരത്ത് മണ്ണംതലയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുതുക്കി പണിത സര്‍ക്കാര്‍ സ്കൂള്‍ ക്ലാസ് റൂം

പൊതുമേഖലാ വിദ്യാഭ്യാസം സംരക്ഷിക്കണം എന്നെല്ലാം പറയുന്നത് പ്രവൃത്തിയിൽ വരുത്തിയ തിരുവനന്തപുരം ജില്ലയിലെ മണ്ണംതല മേഖലാ കമ്മറ്റിയാണ് എക്കാലവും ആ നാട് ഓർത്തു വെക്കുന്ന ഒരു ഉദ്യമത്തിലേക്ക് ചുവട് വെച്ചത്. സ്വകാര്യ സ്‌കൂളുകൾ ചുറ്റിനും പെരുകിയതോടെ പ്രഭ നഷ്ടപ്പെട്ട് നൂറിൽ താഴെ വിദ്യാർഥികളിലേക്ക് ചുരുങ്ങിയ മണ്ണംതല ഗവൺമെന്റ് സ്‌കൂളിൽ പതിവ് ഇടപെടലുകൾ പോരാ എന്ന് വെച്ച് സ്‌കൂൾ ആകർഷകമാക്കാനുള്ള നീക്കം തുടങ്ങി. നാട്ടുകാരിൽ നിന്നും പണം പിരിച്ചു രണ്ടു നഴ്‌സറി ക്ലാസ് മുറികൾ വർണാഭമാക്കാനുള്ള കനവായിരം പദ്ധതി വൻ പ്രതികരണം ആണ് സൃഷ്ടിച്ചത്. രണ്ടു ക്ലാസ് മുറികൾ നന്നായി അണിഞ്ഞു ഒരുങ്ങിയതോടെ പുതുതായി 23 കുട്ടികൾ ഈ അധ്യയന വർഷനത്തിൽ നൂറു വർഷം പഴക്കമുള്ള ആ സർക്കാർ വിദ്യാലയത്തിലേക്ക് എത്തി. പതിവ് രീതികൾ വിട്ടു മാറ്റത്തിന്റെ വഴിയിലൂടെ തങ്ങളുടെ കാലത്തെ സംഘടനയെ നയിക്കുന്ന ഈ യുവാക്കളെ അഭിനന്ദിക്കാതെ വയ്യ. മറ്റുള്ളവർക്കും പിന്തുടരാവുന്ന നല്ല മാതൃകയാണ് ഇത്. യുവാവിൽ നിന്നും മുതിർന്ന ഒരാളിലേക്ക് വളരുമ്പോൾ സമര പരമ്പരകളുടെ പേരിലുള്ള ഒരു കൂട്ടം കേസുകൾ മാത്രം പോരല്ലോ യുവജന സംഘടനാ പ്രവർത്തകർക്ക്…