ഏഷ്യൻ അത്ലറ്റിക് ചാമ്ബ്യൻഷിപ്പ് രണ്ടാം ദിനം ഇന്ത്യക്ക് നാലു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും കൂടി. 400 മീറ്ററിലും 1500 മീറ്ററിലും ഇന്ത്യ ഇരട്ടസ്വർണം നേടി. പുരുഷൻമാരുടെ 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസ് ഒന്നാമതെത്തിയപ്പോൾ വനിതാ വിഭാഗത്തിൽ എസ് നിർമ്മല സ്വർണം നേടി.അതേസമയം വനിതകളുടെ 1500 മീറ്ററിൽ മലയാളി താരം പി.യു ചിത്രയും പുരുഷൻമാരുടെ വിഭാഗത്തിൽ അജയ് കുമാർ സരോജും ഒന്നാമതെത്തി.
പുരുഷ 400 മീറ്ററിൽ വെള്ളിയും ഇന്ത്യക്കാണ്. ആരോഗ്യ രാജീവാണ് വെള്ളി മെഡൽ നേടിയത്. വനിതകളുടെ 400 മീറ്ററിൽ വെങ്കലവും ഇന്ത്യ സ്വന്തമാക്കി. മലയാളി താരം ജിസ്ന മാത്യുവാണ് വെങ്കലം നേടിയത്.2016 ജൂണിൽ പോളിഷ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ അനസ് ദേശിയ റെക്കോർഡ് മറികടന്നിരുന്നു. 45.40 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയ അനസ് റിയോ ഒളിമ്ബിക്സിന് യോഗ്യത നേടുകയും ചെയ്തു. മിൽഖാ സിങ്ങിനും കെ.എം ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്ബിക്സിൽ മത്സരിച്ച ഇന്ത്യൻ അത്ലറ്റെന്ന നേട്ടവും അനസ് സ്വന്തമാക്കിയിരുന്നു. റിയോ ഒളിമ്ബിക്സ് 4ഃ400 മീറ്റർ റിലേയിലും അനസ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
22കാരിയായ പി.യു ചിത്രയുടെ സീനിയർ തലത്തിലുള്ള ആദ്യ ഏഷ്യൻ മെഡലാണിത്. നേരത്തെ 2013ൽ ഏഷ്യൻ സ്കൂൾ അത്ലറ്റിക് മീറ്റിൽ 3000 മീറ്ററിൽ പി.യു ചിത്ര സ്വർണം നേടിയിരുന്നു. കൂടാതെ ദേശീയ സ്കൂൾ ഗെയിസിലും ചിത്ര നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.ആദ്യ ദിനമായ ഇന്നലെ ഇന്ത്യ രണ്ടു സ്വർണമടക്കം ഏഴു മെഡലുകൾ നേടിയിരുന്നു. വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും പുരുഷ വിഭാഗം 5000 മീറ്ററിൽ ജി.ലക്ഷ്മണുമാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ആറായി.