കത്തെഴുതിച്ചത് ഭീഷണിപ്പെടുത്തിയെന്ന് സഹായി ; സുനിയുടെ അപേക്ഷ തള്ളി

0
106

യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) കസ്റ്റഡി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു നൽകിയ അപേക്ഷ കോടതി തള്ളി. പൊലീസ് മർദിച്ചെന്ന വാദവും കോടതി അംഗീകരിച്ചില്ല. കൂട്ടുപ്രതികളായ വിഷ്ണു, വിപിൻലാൽ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, പൾസർ സുനി പറഞ്ഞത് ശരിയെന്നു സഹതടവുകാരൻ വിഷ്ണു പറഞ്ഞു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു പറഞ്ഞ വിഷ്ണു, ദിലീപാണോ എന്ന ചോദ്യത്തിന് അങ്ങനെയാകാം, അറിയില്ലെന്നും മറുപടി നൽകി.

അതിനിടെ, തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്ന് വിപിൻ ലാൽ പറഞ്ഞു. ജയിൽ അധികൃതരും പൾസർ സുനിയുമാണ് ഭീഷണിപ്പെടുത്തിയതെന്നും വിപിൻലാൽ വ്യക്തമാക്കി. സുനി ദിലീപിനെഴുതിയതെന്നു പറഞ്ഞിരുന്ന കത്തിലെ കയ്യക്ഷരം വിപിൻ ലാലിന്റേതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ജയിലിലേക്കു മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തിയ കേസിലാണു സുനിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അഞ്ചു ദിവസത്തേക്കു ലഭിച്ച കസ്റ്റഡിയുടെ ആദ്യ ദിവസം ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണു സുനിൽ നൽകിയത്.

നടിയെ ഉപദ്രവിച്ചതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച ശക്തമായ തെളിവുകളുടെ അഭാവത്തിലാണു പൊലീസിന്റെ അവസാന വട്ട ശ്രമം നടക്കുന്നത്. സുനിൽ ചോദ്യം ചെയ്യലിനോടു സഹകരിക്കാതെ ഗൂഢാലോചനയ്ക്കു തെളിവു കണ്ടെത്താൻ പൊലീസിനു കഴിയില്ല. ഇതിനിടെ നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയിരുന്ന അപേക്ഷ അങ്കമാലി കോടതി തള്ളി. വിഡിയോ ദൃശ്യങ്ങൾ നൽകാനാവില്ലെന്നു കോടതി അറിയിച്ചു. നടിയെ കാറിൽ ഉപദ്രവിക്കുന്നത് ഉൾപ്പടെയുള്ള ദൃശ്യങ്ങളാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.