കൂടംകുളം വൈദ്യുതി : ഇടമണ്‍-കൊച്ചി പ്രസരണ ഇടനാഴിയുടെ പണി പുനരാരംഭിച്ചു

0
117
കൂടംകുളം നിലയത്തില്‍ നിന്നുമുള്ള കേരളത്തിന്റെ വിഹിതമായ 266 മെഗാവാട്ട് വൈദ്യുതി എത്തിക്കുവാനുള്ള 400 കെ.വി. ഇടമണ്‍-കൊച്ചി പ്രസരണ ഇടനാഴിയുടെ പണി പുനരാരംഭിച്ചു.  കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ കൂടി കടന്നുപോകുന്ന 148 കിലോമീറ്റര്‍ ലൈനിന്റെ നിര്‍മാണം 2010ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു.

ലൈന്‍ കടന്നുപോകുന്ന ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ മൂലമാണ് നിർമ്മാണം ഇത്രയും വര്‍ഷം തടസ്സപ്പെട്ടത്. ഞങ്ങൾ, മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും വൈദ്യുതി മന്ത്രിയും ജനങ്ങളുമായി നടത്തിയ ചര്‍ച്ചകളിലൂടെ ആശങ്കകളകറ്റുവാനും പ്രസരണലൈനിന്റെ ആവശ്യകതയെ പറ്റി ബോധ്യപ്പെടുത്തുവാനും സാധിച്ചു. മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജില്‍ ഭേദഗതി കൊണ്ടുവന്നതും ഫെയര്‍ വാല്യുവില്‍ വ്യക്തത വരുത്തുവാന്‍ നടപടി സ്വീകരിച്ചതും പണി പുനഃരാരംഭിക്കുവാന്‍ സഹായിച്ചു.

ആകെയുള്ള 445 ടവര്‍ ഫൗണ്ടേഷനുകളില്‍ 193 എണ്ണം പൂര്‍ത്തിയായി. ഇവയില്‍ 109 എണ്ണത്തിലും ടവര്‍ സ്ഥാപിച്ചു. പത്ത് കിലോമീറ്ററിലധികം ദൂരം പ്രസരണലൈന്‍ വലിച്ചു. 2018 ഡിസംബറോട് കൂടി പ്രസരണ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷനിങ്ങ് നടത്താനാകുമെന്നാണ് പ്രതീക്ഷ.