കോഹ്‌ലിക്ക് സെഞ്ച്വറി, ഇന്ത്യക്ക് പരമ്പര

0
98

പരിശീലകന്‍ ഇല്ലാതെ വിന്‍ഡീസ് മണ്ണില്‍ പോരാട്ടം നയിക്കുക എന്ന വെല്ലുവിളിയുമായി പോയ വിരാട് കോഹ്ലി അവിടന്ന് തല ഉയര്‍ത്തി തന്നെ മടങ്ങുന്നു.സെഞ്ച്വറിയുമായി നായകന്‍ തന്നെ മുന്നില്‍നിന്ന് പട നയിച്ചപ്പോൾ വിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി (3-1). അവസാനമത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. കോഹ്ലി (111 നോട്ടൗട്ട്), ദിനേഷ് കാർത്തിക് (50 നോട്ടൗട്ട്) എന്നിവർ ഇന്ത്യയ്ക്കായി തിളങ്ങി.
നേരത്തേ ടോസ് നേടി ബാറ്റുചെയ്ത വിൻഡീസിനെ മുഹമ്മദ് ഷമിയുടെയും (10-04-84) ഉമേഷ് യാദവിന്റെയും (10-15-33) ബൗളിങ് മികവിൽ ഇന്ത്യ 205 റൺസിലൊതുക്കുകയായിരുന്നു. സ്‌കോർ: വിൻഡീസ് 50 ഓവറിൽ ഒമ്പതുവിക്കറ്റിന് 205, ഇന്ത്യ 36.5 ഓവറിൽ രണ്ട് വിക്കറ്റിന് 206.ഹോപ് സഹോദരന്മാരായ ഷായ്(51), കൈൽ(46), ക്യാപ്റ്റൻ ജാസൺ ഹോൾഡർ(36), റോവ്മാൻ പവൽ(31) എന്നിവരുടെ ബാറ്റിങ്ങാണ് ആതിഥേയർക്ക് പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചത്. അടുത്തടുത്ത പന്തുകളിൽ കൈൽ ഹോപ്പിനെയും റോസ്റ്റൻ ചെയ്സിനെയും(0) പുറത്താക്കിയ ഉമേഷ് യാദവാണ് വിൻഡീസിനെ പ്രതിരോധത്തിലാഴ്ത്തിയത്. രണ്ടാം സ്പെല്ലിലായിരുന്നു ഷമിയുടെ നാലു വിക്കറ്റും.
34 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സറുമുൾപ്പെടെ 36 റൺസെടുത്ത ഹോൾഡറും 32 പന്തിൽ രണ്ടു സിക്സറോടെ 31 റൺസെടുത്ത റോവ്മാൻ പവലും 50 പന്തിൽ ഒമ്പത് ബൗണ്ടറിയടിച്ച കൈൽ ഹോപ്പും, ഇഴഞ്ഞുനീങ്ങിയ സ്‌കോർ ബോർഡിന് കുറച്ചെങ്കിലും വേഗം നല്കി. ഒരറ്റത്ത് ക്ഷമാപൂർവം പിടിച്ചുനിന്ന ഷായ് 98 പന്തിൽ അഞ്ചു ബൗണ്ടറികളോടെയാണ് അർധശതകത്തിലെത്തിയത്. ഇന്ത്യക്കുവേണ്ടി ഷമിക്കും യാദവിനും പുറമെ ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.