തർക്കങ്ങൾ സമാധാനത്തോടെ പരിഹരിക്കണം:ഷി ചിൻപിങ്ങ്

0
103

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സമാധാനപൂർവം പരിഹരിക്കണമെന്ന് ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കൾ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ആഹ്വാനം. സിക്കിമിലെ ദോക് ലാ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനീഷ്യ, വിയറ്റ്‌നാം രാജ്യങ്ങളുമായും നിലനിൽക്കുന്ന തർക്കങ്ങൾക്കിടെയാണ് ഷി ചിൻപിങ്ങിന്റെ പ്രസ്താവനയെന്ന് ശ്രദ്ധേയമാണ്.

ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിൽ അംഗങ്ങളായവർ. ജി-20 ഉച്ചകോടിക്കിടെ ബ്രിക്‌സ് നേതാക്കൾ യോഗം ചേരുമെന്നു നേരത്തെ അറിയിച്ചിരുന്നു. അതിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തിയത് വൻ വാർത്താ പ്രധാന്യം നേടി. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ഇരുവരും കൂടിക്കണ്ടത്.ലോക സാമ്പത്തിക ക്രമത്തിൽ വലിയ ഇടപെടൽ നടത്താൻ കഴിയുന്ന പ്രതീക്ഷയിൽ 2001ലാണ് ബ്രിക് രൂപീകൃതമായത്.