ചൈന യു.എസ് തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാ കടലിനു മുകളിലൂടെ വീണ്ടും യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറന്നു. ദക്ഷിണ ചൈനാ കടലില്‍ രാജ്യാന്തര സമൂഹത്തിനുള്ള അവകാശവാദം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എസിന്റെ പറക്കല്‍. യുഎസ് വ്യോമസേനയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദക്ഷിണ ചൈനാ കടലിനു സമീപമുള്ള കിഴക്കന്‍ ചൈനാ കടലില്‍ ജപ്പാന്റെ യുദ്ധവിമാനങ്ങള്‍ക്കൊപ്പം നടത്തിയ സംയുക്ത അഭ്യാസത്തിനു ശേഷമാണ് യുഎസ് വിമാനങ്ങള്‍ തര്‍ക്കപ്രദേശത്ത് പ്രവേശിച്ചത്. ഇതാദ്യമായാണ് കിഴക്കന്‍ ചൈനാ കടലില്‍ യുഎസ് – ജപ്പാന് യുദ്ധവിമാനങ്ങള്‍ രാത്രികാല ഡ്രില്‍ നടത്തുന്നത്.
അതേസമയം, ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചതിനു പിന്നാലെയാണു ദക്ഷിണ ചൈനാ കടല്‍ ലക്ഷ്യമിട്ടുള്ള യുഎസ് നീക്കമെന്നതു ശ്രദ്ധേയമാണ്. അമേരിക്കയെവരെ ഒറ്റയടിക്കു ലക്ഷ്യമിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. അലാസ്ക വരെ എത്താന്‍ ശേഷിയുള്ളതാണു മിസൈല്‍ എന്നു യുഎസ് സ്ഥിരീകരിക്കുകയും ചെയ്തു.
ദക്ഷിണ ചൈനാക്കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകള്‍ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീന്‍സ്, തയ്വാന്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ എതിര്‍ക്കുന്നതാണ് ഇവിടെ സംഘര്‍ഷം മുറുകാന്‍ കാരണം.
വന്‍തോതില്‍ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല. ദക്ഷിണ ചൈനാ കടല്‍ സ്വന്തമാണെന്ന ചൈനയുടെ നിലപാടിനു നിയമപരമായ ന്യായീകരണമില്ലെന്നു രാജ്യാന്തര ട്രൈബ്യൂണല്‍ 2016 ജൂലൈയില്‍ വിധിച്ചിരുന്നു. ദക്ഷിണ ചൈനാക്കടലിലെ തങ്ങളുടെ മല്‍സ്യബന്ധന അധികാരങ്ങളില്‍ ചൈന കൈകടത്തുന്നതിനെതിരെ 2013ല്‍ ഫിലിപ്പീന്‍സ് നല്കിയ കേസില്‍ തീര്‍പ്പു കല്‍പ്പിക്കുമ്പോഴായിരുന്നു ഈ വിധി. എന്നാല്‍ വിധി അനുസരിക്കാതെ കടലിന്റെ ഒട്ടുമിക്ക ഭാഗത്തിന്റെയും അവകാശവാദവുമായാണ് ചൈന നില്‍ക്കുന്നത്.