ദിലീപിന്റെ കൈകള്‍ ശുദ്ധമെന്ന് പറഞ്ഞിട്ടില്ല: സെന്‍കുമാര്‍

0
78

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ കൈകള്‍ ശുദ്ധമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയില്‍ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ സത്യങ്ങള്‍ മാത്രമാണ് അതില്‍ പ്രസിദ്ധീകരിച്ചു വന്നതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തെളിവും സംശയവും രണ്ടും രണ്ടാണ്. ദിലീപിനെ ചോദ്യം ചെയ്യുന്ന സമയം കൃത്യമായ തെളിവില്ലായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. തെളിവ് ശേഖരിച്ചിട്ട് വേണമായിരുന്നു ചോദ്യം ചെയ്യാന്‍. സെന്‍കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഐജി ദിനേന്ദ്ര കശ്യപ് നല്ല ഉദ്യോഗസ്ഥനാണെന്നും, ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ എന്തു കൊണ്ട് അദ്ദേഹത്തെ പങ്കെടുപ്പിച്ചില്ലെന്നും സെന്‍കുമാര്‍ ചോദിച്ചു.

ദിലീപിനെതിരെ തെളിവില്ലെന്നും എഡിജിപി ബി.സന്ധ്യ പബ്ലിസിറ്റിക്കായാണ് ദിലീപിനെയടക്കം 13 മണിക്കൂര്‍ ചോദ്യം ചെയ്തതെന്നുമുള്ള സെന്‍കുമാറിന്റെ അഭിമുഖം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് സെന്‍കുമാറിന്റെ വിശദീകരണം.

എന്നാല്‍ സന്ധ്യക്കെതിരായുള്ള സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ ഡിജിപി ലോക്നാഥ് ബെഹ്റ തള്ളിയിരുന്നു. ആരോപണങ്ങള്‍ കാര്യമാക്കേണ്ടിതില്ലന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും, ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് ബെഹ്റ സന്ധ്യക്കയച്ച കത്തില്‍ പറയുന്നത്.