ഭയമാണ് മനുഷ്യര്‍ക്ക് നെഞ്ചുവേദന

0
479

നെഞ്ചുവേദന… മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു അവസ്ഥ. ചെറിയൊരു നെഞ്ചുവേദന വന്നാല്‍ കാരണം കണ്ടെത്തുന്നതുവരെ നമ്മള്‍ മാനസികമായും ശാരീരികമായും അസ്വസ്ഥരാകുന്നു.

പലതരത്തിലുള്ള അസുഖങ്ങളും നമുക്ക് നെഞ്ചുവേദനയിലൂടെയാണ് അനുഭവപ്പെടുന്നത്. ഇതില്‍ അപകടകരമായ നെഞ്ചുവേദനകളും അപകടകരമല്ലാത്ത നെഞ്ചുവേദനകളും ഉണ്ട്. ഇതില്‍ വായുശല്യം, നെഞ്ചെരിച്ചില്‍, നെഞ്ച് വരിഞ്ഞുമുറുകുക എന്നിവ അപകടകരമല്ലാത്ത നെഞ്ചുവേദനയാണ്. എന്നിരുന്നാലും ഇത്തരം ലക്ഷണങ്ങള്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കാണുമെന്നതിനാല്‍ ലക്ഷണങ്ങളെയൊന്നും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്.

ഹൃദയ സംബന്ധമായ രേഗങ്ങള്‍ നെഞ്ചുവേദനയ്ക്ക് കാരണങ്ങളാകുന്നു. ഹൃദയാഘാതം, മഹാധമനിയിലെ വിള്ളലുകള്‍, വാല്‍വുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഹൃദയാവരണത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ഹൃദ്രോഗത്താല്‍ നെഞ്ചിന്റെ മധ്യഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇവയെല്ലാം നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു.

ഉദരസംബന്ധമായ അസുഖങ്ങളും നെഞ്ചുവേദനയുണ്ടാക്കുന്നു. ആമാശയത്തിലുണ്ടാകുന്ന വ്രണങ്ങള്‍, അന്നനാളം ചുരുങ്ങുകയും അതിലുണ്ടാകുന്ന വിള്ളലുകള്‍, പാന്‍ക്രിയാസിലുണ്ടാകുന്ന അണുബാധ എന്നിവ നെഞ്ചുവേദനയ്ക്കു കാരണമാകുന്ന ഉദരരോഗങ്ങളാണ്.

നിമോണിയ, നീര്‍ക്കെട്ട്, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തിനുണ്ടാകുന്ന നീര്‍വീക്കം, ശ്വാസകോശാവരണത്തില്‍ വായു നിറയുക ഇത്തരം പ്രശ്‌നങ്ങളും നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു. വാരിയെല്ലിലും മാറെല്ലിലുമുണ്ടാകുന്ന നീര്‍ക്കെട്ടും നെഞ്ചുവേദനയാണ്.

ഹൃദ്രോഗം മൂലമുണ്ടാകുന്ന നെഞ്ചുവേദന ശരീരത്തിന്റെ പലഭാഗത്തും വ്യാപിക്കുന്നു. കഴുത്ത്, കൈകള്‍, തോളുകള്‍, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലേക്കാണ് ഈ വേദന വ്യാപിക്കുന്നത്.

എന്നാല്‍ ഇവയൊന്നും അല്ലാതെ മനുഷ്യനില്‍ ഉണ്ടാകുന്ന നെഞ്ചുവേദന മാനസിക പ്രശ്‌നമാണ്. ഭയം, അമിതമായ ഉത്കണ്ഠ ഇതും നെഞ്ചുവേദനയിലൂടെയാണ് പ്രകടമാകുന്നത്.

പെട്ടെന്നുള്ള നെഞ്ചുവേദനയ്ക്കുള്ള കാരണമാണ് കാലിലെ സിരകളില്‍ രൂപപ്പെടുന്ന രക്തക്കട്ടകള്‍ രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലെത്തി തടസ്സം സൃഷ്ടിക്കുന്നത്. അമിതവണ്ണം, പുകവലി, അര്‍ബുദരോഗമുള്ളവര്‍, അമിത രക്തസമ്മര്‍ദം, ദീര്‍ഘനാളുകളായി കിടപ്പിലായവര്‍ തുടങ്ങിയവരുടെ സിരകളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യത കൂടുതലാണ്.

ആമാശയത്തെയും അന്നനാളത്തെയും ബാധിക്കുന്ന രോഗങ്ങളുടെ പൊതു ലക്ഷണമാണ് നെഞ്ചുവേദന.

നെഞ്ചുവേദനപോലെ തന്നെ അസ്വസ്ഥത ഉളവാക്കുന്ന ഒരവസ്ഥയാണ് നെഞ്ചെരിച്ചില്‍. ആമാശയത്തില്‍നിന്ന് അമ്‌ളാംശം കലര്‍ന്ന പകുതി ദഹിച്ച ഭക്ഷണശകലങ്ങളും വായുവും അന്നനാളത്തിലേക്ക് തികട്ടിക്കയറുന്ന അനുഭവമാണ് നെഞ്ചെരിച്ചില്‍.

അന്നനാളത്തിലെ പേശികളിലുണ്ടാകുന്ന താളാത്മകമായ സങ്കോച വികാസങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന വേളയില്‍ ഭക്ഷണം വിഴുങ്ങുമ്പോഴും മാനസിക സമ്മര്‍ദ്ദമുള്ളപ്പോഴും നെഞ്ചിന്റെ മധ്യഭാഗത്തായി വേദന അനുഭവപ്പെടുന്നു. ഇത് കൈകളിലേക്കും കീഴ്ത്താടിയിലും നെഞ്ചിന്റെ പുറകുവശത്തേക്കും വ്യാപിക്കുന്നു.

നെഞ്ചുവേദനയ്ക്കു കാരണങ്ങള്‍ പലതരമായതിനാല്‍ ഇതിനുള്ള ചികിത്സയും വ്യത്യസ്തമായിരിക്കും. കുറുന്തോട്ടി, ജീരകം, ചുക്ക്, പുഷ്‌ക്കരമൂലം, പാല്‍മുതക്ക്, ദേവതാരം, കൊത്തമ്പാലരി, കൂവളവേര്, കച്ചോലം, ചിറ്റരത്ത എന്നിവ കൊണ്ടുള്ള തൈലങ്ങള്‍ നെഞ്ചുവേദനയ്ക്കുള്ള ഔഷധമാണ്. എന്നാലും സ്വയചികിത്സയ്ക്ക് മുതിരാതെ വിദഗ്ദരായ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.