സംസ്ഥാന റോഡുകളില്‍ പോലീസിന്റെ 350 അത്യാധുനിക കണ്ണുകള്‍ 

0
78

വേഗം കണ്ടെത്തുന്നതിനൊപ്പം വാഹനങ്ങൾ പൂർണമായും നിരീക്ഷിക്കുന്നതാണ് ത്രിഡി ഡോപ്‌ളർ റഡാർ ക്യാമറകൾ

കുറ്റകൃത്യങ്ങളും വാഹനങ്ങളുടെ അമിതവേഗവും തടയാൻ സംസ്ഥാനത്തെ പാതകൾ പൂർണമായും പൊലീസ് നിരീക്ഷണത്തിലാക്കുന്നു. ഇതിനായി കാസർകോടുമുതൽ പാറശാലവരെ റോഡുകളിൽ 350 അത്യാധുനിക ത്രിഡി ഡോപ്‌ളർ റഡാർ ക്യാമറ സ്ഥാപിക്കും. കെൽട്രോണിന്റെ സഹകരണത്തോടെ 146 കോടി രൂപയുടെ പദ്ധതി ആഭ്യന്തരവകുപ്പ് നടപ്പാക്കുകയാണ്.

വേഗം കണ്ടെത്തുന്നതിനൊപ്പം വാഹനങ്ങൾ പൂർണമായും നിരീക്ഷിക്കുന്നതാണ് ത്രിഡി ഡോപ്‌ളർ റഡാർ ക്യാമറകൾ. അത്യാധുനിക കൺട്രോൾ റൂമും ഇതിനായി സ്ഥാപിക്കും. ആദ്യഘട്ട സർവേ കെൽട്രോൺ പൂർത്തിയാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ക്യാമറ നിരീക്ഷണസംവിധാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കേരളത്തിലെ റോഡുകളിൽ ഇപ്പോഴുള്ളത് വാഹനങ്ങളുടെ വേഗം കണ്ടുപിടിക്കുന്നതിനുള്ള മാഗ്‌നറ്റിക് സെൻസർ ക്യാമറകളാണ്. വാഹനങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ ഈ ക്യാമറയിൽ പതിയില്ല. അതേസമയം, ത്രിഡി ഡോപ്‌ളർ റഡാർ ക്യാമറയിൽ വേഗം നിർണയിക്കുന്നതിനൊപ്പം വാഹനത്തിനകത്തെ സൂക്ഷ്മദൃശ്യങ്ങൾവരെ ലഭിക്കും. അതിനാൽ വാഹനമോഷണം, വാഹനങ്ങൾ ഉപയോഗിച്ചുള്ള ഭീകരവാദപ്രവർത്തനം, മയക്കുമരുന്ന്-കുഴൽപ്പണം കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളും കണ്ടെത്താം. പൊലീസ് നിരീക്ഷണത്തിലുള്ള കവർച്ചാവാഹനങ്ങളുടെയടക്കം നീക്കങ്ങൾ അപ്പപ്പോൾ പൊലീസിന് ലഭിക്കും.

റോഡിനുമുകളിൽ കുറുകെ സ്ഥാപിച്ച ബാറിലായിരിക്കും ക്യാമറകൾ. പാതയുടെ ഓരോ വരിയിലേക്കും സൂം ചെയ്ത് ഒരു എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ പ്‌ളേറ്റ് റെക്കഗ്‌നേഷൻ) ക്യാമറയും എവിഡൻസ് ക്യാമറയും ഉണ്ടാകും. രാത്രിദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ഹൈവോൾട്ടേജ് ഇൻഫ്രാറെഡ് ഫ്‌ളാഷും ഇതിലുണ്ടാകും. ഈ ഫ്‌ളാഷ് ആർക്കും കാണാനാകില്ല. സ്റ്റോറേജ് സംവിധാനം ഉൾപ്പെടെയുള്ള പ്രോസസിങ് യൂണിറ്റും ഇതോടൊപ്പമുണ്ടാകും. അഞ്ചുവർഷംവരെയുള്ള ചിത്രങ്ങൾ ഈ യൂണിറ്റിൽ ശേഖരിക്കാം.

വാഹനത്തിന്റെ രണ്ട് ചിത്രം ക്യാമറയെടുക്കും. സ്‌പോട്ട് സ്പീഡിനോടൊപ്പം ആവറേജ് സ്പീഡും ക്യാമറ കണ്ടെത്തും. അതിനാൽ ക്യാമറ കാണുമ്പോൾ വേഗം കുറച്ച് കബളിപ്പിക്കാനാകില്ല. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വഴിയാണ് ചിത്രങ്ങൾ അയക്കുക.

പൊലീസ് ആസ്ഥാനത്ത് സജ്ജമാക്കിയ കേന്ദ്രീകൃത കൺട്രോൾ റൂമിൽ സംസ്ഥാനത്തെ മുഴുവൻ ക്യാമറകളിലെയും ദൃശ്യങ്ങൾ നിരീക്ഷിക്കും. വീഡിയോദൃശ്യം അടക്കം തെളിവായി എത്രകാലം വേണമെങ്കിലും ഇവിടെ സൂക്ഷിക്കാം. കുറ്റകൃത്യം നടക്കുന്നത് കണ്ടാൽ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറും.
ഈ സംവിധാനത്തിന്റെ സാങ്കേതികകാര്യങ്ങൾ നിർവഹിക്കുക കെൽട്രോണാകും. ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലം നിർണയിക്കാനുള്ള രണ്ടാംഘട്ട സർവേ ഉടൻ ആരംഭിക്കും.