സ്വകാര്യമേഖലയിൽ വിവേചനരഹിതമായ അന്തരീക്ഷമുണ്ടാകണം: സ്പീക്കർ

0
85

കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങൾ അവയുടെ ചുമതലകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കേരള പബൽക് സർവീസ് കമ്മീഷൻ  വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച മുൻ ചെയർമാൻമാരുടെയും അംഗങ്ങളുടെയും സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലു തൂണുകളിൽ നെടുംതൂൺ നിയമനിർമാണം തന്നെയാണ്. ഈ നെടുംതൂണിന്റെ കടയ്ക്കൽ ജൂഡീഷ്യറി കത്തിവയ്ക്കരുത്. നിയമനിർമാണസഭയിൽ രൂപീകരിക്കുന്ന നിയമങ്ങൾ ജനങ്ങളുടെ അഭിലാഷങ്ങളിൽ നിന്ന് രൂപമെടുക്കുന്നതാണ്. നിയമങ്ങൾ ഭരണഘടനയുടെ അന്ത:സത്തയ്ക്ക് വിരുദ്ധമാകുമ്പോഴോ വിവേചനപരമാകുമ്പോഴോ അവ പരിശോധിക്കാൻ നീതിന്യായവ്യവസ്ഥയ്ക്ക് ബാധ്യതയുണ്ട്. എന്നാൽ ഈ ബാധ്യത ജനാധിപത്യത്തിന്റെ നെടുംതൂണിനെതിരായ അധികാരദണ്ഡായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. നിയമങ്ങളിൽ കുറവുകളുണ്ടെങ്കിൽ അത് തിരുത്തേണ്ടതും ആവശ്യം തന്നെ. എന്നാൽ മാധ്യമങ്ങളുടെ വാർത്തയെ അധികരിച്ച,് പക്ഷം പിടിച്ച്, ഉത്തരവാദിത്തരഹിതമായി അഭിപ്രായപ്രകടനം നടത്തുന്നത് നിർഭാഗ്യകരമാണ്.

ജനാധിപത്യത്തിന്റെ ഉന്നമനത്തിന് നിയമനിർമാണസഭയും നീതിന്യായ വ്യവസ്ഥയും തമ്മിൽ പൊതുസമവായത്തിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ഭരണഘടന കൂടുതൽ വിശദമായ ചർച്ചകൾക്ക് വിധേയമാക്കേണ്ട സന്ദർഭമാണിതെന്നും സ്പീക്കർ പറഞ്ഞു.  ഭരണഘടന കേവലം വകുപ്പുകളുടെയോ നിർദേശങ്ങളുടെയും സംഗ്രഹം മാത്രമല്ല. അത് മൂല്യങ്ങളുടെ, ധാർമികതയുടെ ഒരു ഊർജപ്രവാഹമാണ്. രാജ്യത്തിന്റെ അവസ്ഥകളോട് സംവേദിക്കുന്ന സംവിധാനമാണ്. ഭരണഘടനാശില്പിയുടെ അനുഭവങ്ങളിൽ നിന്ന് സ്വാംശീകരിക്കപ്പെട്ട ബോധ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെട്ടിട്ടുണ്ട്.  ജാതി വ്യവസ്ഥയെയും മറ്റ് വിവേചനങ്ങളെയും മറികടക്കുന്ന, സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ബാധ്യത എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കുമുണ്ട്.

സുതാര്യവും ആക്ഷേപരഹിതവുമായ വിധത്തിൽ ഭരണഘടന ഉറപ്പാക്കുന്ന തുല്യതയും സുരക്ഷിതത്വവും സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ പങ്കാളിത്തവും നടപ്പാക്കാൻ കേരള പബ്ളിക് സർവീസ് കമ്മീഷന് കഴിഞ്ഞിട്ടുണ്ട്.  കേരളത്തിൽ ഫലപ്രദമായ സിവിൽ സർവീസ് രൂപീകരിക്കാൻ പിഎസ്സിക്ക് നിർണായകപങ്കു വഹിക്കാനായിട്ടുണ്ട്. എന്നാൽ നമ്മൾ ഇനിയും എത്തിച്ചേരേണ്ട മേഖലകളുണ്ട്. തൊഴിൽരംഗത്ത് സ്വകാര്യമേഖല അസാധാരണമായ പ്രാധാന്യം കൈവരിച്ചിരിക്കയാണ്. സംവരണത്തിന്റെയോ സംരക്ഷണത്തിന്റെയോ വിവേചനരാഹിത്യത്തിന്റെയോ അന്തരീക്ഷം സ്വകാര്യമേഖലയിലില്ല. സ്വകാര്യമേഖലയിലെ സംവരണം വിവേചനരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അനിവാര്യമാണ്. ഇതിനാവശ്യമായ പൊതുബോധം സൃഷ്ടിക്കുന്നതിനും പിഎസ്സി നേതൃത്വപരമായ പങ്ക് വഹിക്കണം.

ജാതിനാമം ഉദ്ധരിക്കുന്നതിലും ജാതിനാമങ്ങളിൽ അഭിരമിക്കുന്നതിലും കോർപറേറ്റ് മേഖലയിലുള്ളവർ താത്പര്യം കാണിക്കുന്നു. സവർണജാതിനാമം ഉപയോഗിക്കുന്നത് മാർക്കറ്റിങിന് മെച്ചമാണെന്ന തരത്തിലുള്ള ഒരു പൊതുബോധം കേരളത്തിലുണ്ട്.  ഇത് തിരുത്തി എല്ലാവർക്കും തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുന്ന വിധത്തിലുള്ള ഭരണഘടനയുടെ അന്ത:സത്ത സ്ഥാപിച്ചെടുക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ രാഷ്ട്രീയപാർട്ടികളും പിഎസ്സിയും പൊതുജനങ്ങളും കൂട്ടായി പ്രവർത്തിക്കണം. പരീക്ഷാനടത്തിപ്പിനും റിസൾട്ട് പ്രസിദ്ധപ്പെടുത്തുന്നതിനും മറ്റും വരുന്ന കാലതാമസം കേരള പബ്ളിക് സർവീസ് കമ്മീഷൻ ഒഴിവാക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

പിഎസ്സി ചെയർമാൻ അഡ്വ എം കെ സക്കീർ അദ്ധ്യക്ഷനായിരുന്നു. പിഎസ്സിയെ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും മുൻ അംഗങ്ങളുടെയും ചെയർമാൻമാരുടെയും അനുഭവസമ്പത്ത് മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പിഎസ്സി മുൻ അംഗം ആർ കെ വേണുനായർ, മുൻ ചെയർമാൻമാരായ പ്രൊഫ വി ഗോപാലകൃഷ്ണക്കുറുപ്പ്,  ഡോ. കെ എസ് രാധാകൃഷ്ണൻ, എം ഗംഗാധര കുറുപ്പ് തുടങ്ങിയവരെ സ്പീക്കർ ആദരിച്ചു.  കേരള പബൽക് സർവീസ് കമ്മീഷൻ അംഗങ്ങളായ സിമി റോസ്ബെൽ ജോൺ, അഡ്വ ഇ രവീന്ദ്രനാഥൻ, പി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.