സ്വാശ്രയ മെഡിക്കൽ ഫീസില്‍  പുതിയ ഫോർമുല; മെറിറ്റിൽ ഫീസ് കുറയും

0
75

സ്വകാര്യ സ്വാശ്രയ കോളേജ് പ്രവേശനവും ഫീസും നിശ്ചയിക്കാൻ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ തുടർച്ചയായി പ്രവേശന നിയന്ത്രണ- ഫീസ് നിർണയ കമ്മിറ്റി രൂപീകരിച്ച് സർക്കാർ പുതിയ ഉത്തരവിറക്കിയതോടെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റിൽ ഫീസ് നിരക്ക് കുത്തനെ കുറയും. 50 ശതമാനം മെറിറ്റ് സീറ്റുകളിൽ പൂർണ്ണമായും കഴിഞ്ഞ വർഷത്തെ ഫീസ് നിരക്ക് നിലനിർത്തിക്കൊണ്ടുള്ള പുതിയ േഫാർമുല രൂപപ്പെട്ടുവരികയാണ്. ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി നേരത്തെ നിശ്ചയിച്ച ഫീസിനെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് നിയമക്കുരുക്കിൽപ്പെടാതിരിക്കാനാണ് സർക്കാർ പുതിയ ഫീസ് നിർണ്ണയകമ്മിറ്റി രൂപീകരിച്ചത്. ഇതോടെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് ഫീസ് വർധന അസാധ്യമാകുമെന്ന് ബോധ്യമായതോടെയാണ് ഒരു വിഭാഗം മാനേജ്മെന്റുകൾ പുതിയ ഫോർമുലയ്ക്ക് സന്നദ്ധമായത്.

നീറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകുകയും ഏകീകൃത ഫീസ് വേണമെന്നുള്ള സുപ്രീംകോടതി വിധിയെത്തുടർന്നാണ് മെറിറ്റ്-മാനേജ്മെന്റ് സീറ്റുകളിൽ വെവ്വേറെ ഫീസ് അസാധ്യതമായത്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റൈപ്പന്റ് നൽകിക്കൊണ്ട് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് കുറഞ്ഞ ഫീസ് നിശ്ചയിക്കുക. ഈ ഫീസ് നിരക്ക് കഴിഞ്ഞ വർഷത്തിനേത് തുല്യമാക്കാൻ മാനേജ്മെന്റുകൾ സമ്മതിച്ചത് സർക്കാർ നിലപാടിന്റെ വിജയമായി.

മുമ്പ് സർക്കാർ മൂന്ന് വട്ടം ചർച്ച നടത്തിയപ്പോഴും ഏകീകൃത ഫീസായി 15 ലക്ഷം രൂപ വേണമെന്ന പിടിവാശിയിലായിരുന്നു മാനേജുമെന്റുകൾ. സർക്കാർ ഫീസ് വർധിപ്പിക്കാൻ തയ്യാറാകാതെ വന്നതോടെ ഫീസ് നിർണയ സമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കി. 85 ശതമാനം മെറിറ്റിൽ അഞ്ചര ലക്ഷം രൂപയും 15 ശതമാനം എൻആർഐയിൽ 20 ലക്ഷവുമാണ് നിശ്ചയിച്ചത്. കമ്മിറ്റു ഫീസ് നിശ്ചയിച്ചുവെങ്കിലും സംസ്ഥാന സർക്കാർ അത് അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നില്ല. തുടർന്നാണ് ഫീസ് കുറഞ്ഞെന്ന് ആരോപിച്ച് ഒരു വിഭാഗം മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്.

കേസുമായി മുന്നോട്ട് പോയാൽ സർക്കാർ കൂടുതൽ കർക്കശ നിലപാട് സ്വീകരിക്കുമെന്ന് പുതിയ പ്രവേശന നിയന്ത്രണ- ഫീസ് നിർണ്ണയ കമ്മിറ്റി രൂപീകരിച്ചതോടെ മാനേജുമെന്റുകൾക്ക് ബോധ്യമായി. തുടർന്നാണ് മുൻ വർഷത്തെ ഫീസ് നിരക്കിൽ 50 ശതമാനം കുട്ടികളെ പ്രവേശിപ്പിക്കാൻ സന്നദ്ധത അറിയിച്ചത്. എട്ട് മാനേജ്മെന്റുകൾ നേരിട്ട് സമ്മതമറിയിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം മെറിറ്റിലെ 20 ശതമാനം ബിപിഎൽ/എസ്ഇബിസി സീറ്റുകളിൽ 25000 രൂപയായിരുന്നു വാർഷിക ഫീസ്. ബാക്കി 30 ശതമാനം മെറിറ്റിൽ 2.5 ലക്ഷം രൂപയായിരുന്നു ഫീസ്. സർക്കാരിന് അവകാശപ്പെട്ട മെറിറ്റിൽ ഇതേ ഫീസ് നിരക്കിൽ തന്നെ ഈ വർഷവും പ്രവേശിപ്പിക്കാമെന്നാണ് മാനേജുമെന്റുകൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേ സമയം 35 ശതമാനം മാനേജുമെന്റ് സീറ്റിൽ കഴിഞ്ഞ വർഷം 11 ലക്ഷം രൂപയും 15 ശതമാനം എൻആർഐയിൽ 15 ലക്ഷവുമായിരുന്നു ഫീസ് നിരക്ക്. മാനേജുമെന്റിലും എൻആർഐയിലും ഫീസ് കുട്ടണമെന്നാണ് മാനേജുമെന്റുകളുടെ പുതിയ ആവശ്യം.

അതേ സമയം നീറ്റ് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകുമ്പോൾ ഒരേ കോഴ്സിന് ഒന്നിലേറേ ഫീസ് ഘടന പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ നിയമവശങ്ങളും പരിശോധിച്ചുവരികയാണ്.