ഇന്ത്യയിലെ പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി ചൈന

0
178


സിക്കിം അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. സ്വന്തം സുരക്ഷ ശ്രദ്ധിക്കണമെന്നും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി മുന്നറിപ്പ് നൽകി. കഴിഞ്ഞ ദിവസവും സമാനമായ സന്ദേശം ചൈനീസ് വിദേശകാര്യ മന്ത്രാലയം നൽകിയിരുന്നു.

ഏതാണ്ട് രണ്ടു ലക്ഷത്തോളം ചൈനീസ് പൗരൻമാർ ഒരു വർഷം ഇന്ത്യയിൽ എത്തുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിരവധി ചൈനീസ് കമ്പനികളും തൊഴിലാളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാർക്കു മുന്നറിയിപ്പുമായി ചൈനീസ് അധികൃതർ രംഗത്തെത്തിയത്.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിർത്തി പങ്കിടുന്ന ദോക് ലാമിൽ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ നേർക്കുനേർ നിൽക്കുകയാണ്. അതിർത്തി മേഖലയിൽ റോഡ് നിർമിച്ചും ഇന്ത്യയിൽനിന്നുള്ള തീർഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകൾ അവർ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ദോക് ലാ മേഖലയിൽ ഭൂട്ടാൻ അതിർത്തിയിൽനിന്നു ചൈനീസ് സൈന്യം പിന്മാറണമെന്ന നിലപാടിലാണ് ഇന്ത്യ. എന്നാൽ, അതിർത്തിയിൽനിന്ന് ഇന്ത്യ സൈന്യത്തെ ഉടൻ പിൻവലിച്ചു സമാധാനം കൊണ്ടുവരണമെന്നാണ് ചൈനീസ് നിലപാട്. സംഘർഷം തുടർന്നാൽ സൈനികമാർഗം തേടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു. ഇതു പഴയ ഇന്ത്യയല്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഭീഷണികൾക്ക് അതേ നാണയത്തിൽ ലഭിക്കുന്ന മറുപടി ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്.