എംബിബിഎസ്: അഖിലേന്ത്യാ ക്വാട്ടയിൽ കേരളത്തിൽ 194 സീറ്റുകൾ

0
108

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യാ തലത്തിൽ നികത്തുന്ന സീറ്റുകൾ പ്രസിദ്ധപ്പെടുത്തി. 2017-18 അധ്യയനവർഷത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 194 സീറ്റുകളാണ് അഖിലേന്ത്യാ ക്വാട്ടയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവയിലേയ്ക്കുള്ള പ്രവേശനം നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാകും നടത്തുക.
രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് അഖിലേന്ത്യാ ക്വാട്ടയിൽ ഉൾപ്പെടുക. ഈ സീറ്റിലേക്കുള്ള പ്രവേശന നടപടി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വെബ്‌സൈറ്റിൽ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ 194 സീറ്റുകളടക്കം രാജ്യത്ത് ഇത്തവണ 3708 സീറ്റുകളാണ് എംബിബിഎസ് പ്രവേശനത്തിനായി അഖിലേന്ത്യാ ക്വാട്ടയിലുള്ളത്.
കേരളത്തിലെ ഒൻപത് മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളുടെ എണ്ണം ഇപ്രകാരമാണ്:
കോട്ടയം മെഡിക്കൽ കോളേജ്- 22
കോഴിക്കോട് മെഡിക്കൽ കോളേജ് – 38
മലപ്പുറം മെഡിക്കൽ കോളേജ്- 15
തിരുവനന്തപുരം മെഡിക്കൽ കോളേജ്- 30
കൊല്ലം മെഡിക്കൽ കോളേജ്- 15
എറണാകുളം മെഡിക്കൽ കോളേജ്- 15
പാലക്കാട് മെഡിക്കൽ കോളേജ്- 15
തൃശൂർ മെഡിക്കൽ കോളേജ്- 22
ആലപ്പുഴ മെഡിക്കൽ കോളേജ്- 22
ഇവയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന നീറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് കേന്ദ്രീകൃത കൗൺസലിങ്ങിൽ പങ്കെടുക്കണം. ജൂലായ് 12, വൈകീട്ട് 5 മണി വരെ ചോയ്‌സ് ഫില്ലിങ്ങിന് സമയമുണ്ട്. വിദ്യാർത്ഥികൾ നൽകിയ ചോയ്‌സുകളുടെ അടിസ്ഥാനത്തിൽ ജൂലായ് 15 ന് ആദ്യ അഖിലേന്ത്യാ അലോട്ട്‌മെന്റ് പ്രഖ്യാപിക്കും.
ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തവണ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയിട്ടുണ്ട്. സിബിഎസ്ഇ പ്രഖ്യാപിച്ച മിനിമം കട്ട്-ഓഫ് നേടിയ വിദ്യാർത്ഥികൾക്കെല്ലാം ഇത്തവണ അഖിലേന്ത്യാ ക്വാട്ടാ കൗൺസലിങ്ങിൽ പങ്കെടുക്കാം.