ഐസക്കിനെതിരെ ഇടതുവ്യാപാരി നേതാവ്, കോഴി വില കുറയ്ക്കില്ല

0
101

കോഴിയുടെ വില കുറയ്ക്കണമെന്ന നിർദേശത്തിനെതിരായി സി.പി.എം അനുകൂല വ്യാപാര സംഘടനാ നേതാവ്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കോഴി വില 87 രൂപ ആക്കണമെന്നും അല്ലെങ്കില്‍ ജനം ഇടപെടണം എന്നുമുള്ള ധനമന്ത്രി തോമസ്‌ ഐസക്കിന്റെ നിലപാടിനെതിരെ ആണ് വ്യാപാരി വ്യവസായി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിന്നി ഇമ്മട്ടി നിലപാട് എടുക്കുന്നത്. സർക്കാർ നിലപാട് മാറ്റാത്തപക്ഷം തിങ്കളാഴ്ച സംസ്ഥാനത്തെ കോഴിഫാമുകളും വിൽപ്പനശാലകളും അടച്ചിടുമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് കൂടിയായ ബിന്നി ഇമ്മട്ടി പറഞ്ഞു.

തിങ്കളാഴ്ചമുതൽ 87 രൂപയ്ക്ക് വിൽക്കുന്നതിലും ഭേദം തമിഴ്നാട്ടിൽ വിൽക്കുകയാണെന്ന് ബിന്നി ഇമ്മട്ടി പറഞ്ഞു. അവിടെ വെള്ളിയാഴ്ച കോഴിക്ക് കിലോ 120 രൂപയുണ്ടായിരുന്നു. തൃശ്ശൂരിൽ 147-ഉം. സ്ഥിതി തുടർന്നാൽ കർണാടകത്തിലും എത്തിച്ച് വിൽക്കും -അദ്ദേഹം പറഞ്ഞു.ജി.എസ്.ടി. നടപ്പായതോടെ കോഴിക്ക് രാജ്യത്തെവിടെയും നികുതിയില്ല. ഏത് സംസ്ഥാനത്തേക്കും കൊണ്ടുപോകാം. കന്നുകാലി വിൽപ്പനനിയന്ത്രണനിയമം വന്നതിന്ശേഷം തമിഴ്നാട്ടിലും കർണാടകത്തിലും കോഴിയിറച്ചിക്ക് ആവശ്യക്കാർ കൂടുതലാണ്. ദക്ഷിണേന്ത്യയിലെ കോഴിയിറച്ചിയുടെ വില നാമക്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രോയിലർ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് (ബി.സി.സി.) നിശ്ചയിക്കുന്നത്. അതിന്റ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലും കോഴിവില നിശ്ചയിക്കുന്നത്.

തൃശൂര്‍ ജില്ലയില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാവായി വളരുന്ന ബിന്നി ഇമ്മട്ടി ഇ.പി ജയരാജന്റെ അടുത്ത ആള് കൂടിയാണ്. വ്യാപാരികളില്‍ ഐസക്കിന്റെ കടുത്ത നിലപാട് മൂലം ഉണ്ടായ എതിര്‍പ്പ് ചര്ച്ചയായാല്‍ ഐസക്കിന് നിലപാട് മാറ്റേണ്ടി വരും.