കിലോമീറ്ററിന് 15 രൂപ വരുമാനമില്ലാത്ത ട്രിപ്പുകള്‍ നിര്‍ത്തും; ഒന്നര ഡ്യൂട്ടി സമ്പ്രദായവും വരുന്നു 

0
61


കെഎസ്ആര്‍ടിസിയില്‍ പുതിയ ഡ്യൂട്ടി പരിഷ്‌കാരത്തിന്റെ ഭാഗമായി ഒന്നര ഡ്യൂട്ടി സമ്പ്രദായം വരുന്നു.   8000 രൂപയില്‍ താഴെയുള്ള സര്‍വ്വീസൂകളെ ഈ മാസം 15 മുതല്‍ സിംഗിള്‍ ഡ്യൂട്ടിയാക്കും. സിംഗിള്‍ ഡ്യൂട്ടി സര്‍വ്വീസുകള്‍ തിരക്കേറിയ സമയത്ത് കൈകാര്യം ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഉത്തരവിറക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയത്.

7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വ്വീസുകളായിരുന്നു സിംഗിള്‍ ഡ്യൂട്ടി. പുതിയ ഉത്തരവനുസരിച്ചാണ് 8000രൂപയില്‍ താഴെയുള്ള സര്‍വ്വീസുകളെ സിംഗിള്‍ ഡ്യൂട്ടിയാക്കുന്നത്. എന്നാല്‍ തിരക്കേറിയ സമയമാണെങ്കില്‍ ജീവനക്കാര്‍ക്ക് വീണ്ടും ഡ്യൂട്ടി തുടരേണ്ടി വരും. ഡ്യൂട്ടി സമയം കഴിഞ്ഞുളള ഓരോ മണിക്കൂറിനും 200 രൂപ വേതനം നല്‍കും. എന്നാല്‍ തിരക്കില്ലാത്ത സമയത്ത് രണ്ട് മണിക്കൂര്‍ വരെ സര്‍വ്വീസ് നിര്‍ത്തിവെക്കാം. ഓരോ മണിക്കൂറിനും 50 രൂപ വീതം അലവന്‍സ് നല്‍കും.

ഒന്നര ഡ്യൂട്ടി എന്ന പുതിയ സമ്പ്രദായവും നില്‍വില്‍ വന്നു. 8000ത്തിനും 10,000ത്തിനും ഇടയില്‍ വരുമാനമുളള ഓര്‍ഡിനറി സര്‍വ്വീസുകളാണിത്. പത്ത് മണിക്കൂറാണ് ഒന്നര ഡ്യൂട്ടി. പതിനായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ വരുമാനമുള്ള സര്‍വ്വീസുകള്‍ ഒരുമാസത്തിനകം പന്ത്രണ്ടായിരം രൂപ വരുമാനത്തിലെത്തിക്കണം. ഇല്ലെങ്കില്‍ ഇവയും ഒന്നര ഡ്യൂട്ടിയിലേക്ക് മാറ്റും. കിലോമീറ്ററിന് 15 രൂപ വരുമാനമില്ലാത്ത ട്രിപ്പുകള്‍ നിര്‍ത്തണം.അനാവശ്യവും അസമയത്തുമായി ട്രിപ്പുകള്‍ നടത്തി ഡ്യൂട്ടി പുന:ക്രമീകരിച്ച് നഷ്ടമുണ്ടാക്കിയാല്‍ അത് ബന്ധപ്പെട്ട യൂണിറ്റ് അധികാരികളില്‍ നിന്ന് ഈടാക്കുമെന്ന് എംഡി മുന്നറിയിപ്പ് നല്‍കി.