കുടല്‍ കരണ്ട് തിന്നുന്ന ഷിഗല്ലെ ബാക്ടീരിയ ഭീഷണിയില്‍ കേരളം

0
130

ഷിഗല്ലെ ബാക്ടീരിയ പരത്തുന്ന വയറിളക്കം അപകടകരം

രോഗ സാധ്യത കൂടുതല്‍ കുട്ടികളില്‍ 

മഴ ശക്തമായതോടെ പനിക്കൊപ്പം പുതിയൊരു വയറിളക്ക ബാക്ടീരിയ രോഗത്തിന്റെ ഭീതിയിലാണ് സംസ്ഥാനം. പേര് ഷിഗല്ലെ വയറിളക്കം. സാധാരണ വയറിളക്കം വൈറസ് ബാധ മൂലമാണുണ്ടാവുന്നതെങ്കില്‍ ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാവുന്ന വയറിളക്കമാണ്. അതുകൊണ്ട് തന്നെ ഇതിനെ അല്‍പ്പം പേടിക്കേണ്ടതുമുണ്ട്.

സംസ്ഥാനത്ത് തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിലായി ഷിഗല്ലെ ബാക്ടീരിയ ഇതുവരെ നിരവധി ജീവനെടുത്ത് കഴിഞ്ഞു. ഇതോടെ ആരോഗ്യ വകുപ്പും ജാഗ്രതയിലാണ്. മഴ ശക്തമായതും മലിന ജലം ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. ഇതോടൊപ്പം പനിയും വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു.
കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗല്ലെയെ അറിയപ്പെടുന്നത്. മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വന്ന് രോഗം മാരകമാവുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറു വേദനയും ചര്‍ദിയുമുണ്ടാവുകയും ശരീരത്തിന് ചൂട് കൂടുകയും ചെയ്യുന്നു. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. സാധാരണ വയറിളക്കമാണെന്ന് കരുതി ചികിത്സ വൈകുന്നത് വലിയ അപകടം വിളിച്ച് വരുത്തുമെന്നത് കൊണ്ട് വയറിളക്ക രോഗമുണ്ടായാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം. ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പരിഹാര മാര്‍ഗങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുക

ഭക്ഷണത്തിന് മുമ്പ് കൈ കഴുകുന്നത് ശീലമാക്കുക.

ശുചിമുറി ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പിട്ട് കഴുകുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ വൃത്തിയായി പാകം ചെയ്ത ഭക്ഷണമാണ് കഴിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക

പൂര്‍ണമായും വേവിച്ച ഭക്ഷണം കഴിക്കുക

ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക.

ഭക്ഷണം എപ്പോഴും അടച്ച് വെക്കുക. ഈച്ചപോലുള്ള
പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കുക.

കുട്ടികളിലാണ് രോഗ സാധ്യത കൂടുതല്‍ എന്നത് കൊണ്ട് കുട്ടികളുടെ നഖം
കൃത്യമായി വെട്ടി ഒതുക്കുന്നതും, ഭക്ഷണം കഴിക്കുമ്പോള്‍ കൈകഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.