ചമ്പക്കുളം മൂലം വള്ളംകളി: ആയാപറമ്പ് പാണ്ടി ചുണ്ടന് കിരീടം

0
261

ഓളപ്പരപ്പിലെ വീറുറ്റ പോരാട്ടങ്ങൾ കാഴ്ചവെച്ച ചമ്പക്കുളം മൂലം വള്ളം കളിയിൽ ആയാപറമ്പ് പാണ്ടി ചാമ്പ്യൻമാരായി. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, ചമ്പക്കുളം ചുണ്ടന് മൂന്നാം സ്ഥാനവും ലഭിച്ചു. ജലോല്‍സവ സീസണിന് ആരംഭംകുറിച്ച് പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലംവള്ളംകളി മല്‍സരത്തില്‍ ആറു ചുണ്ടന്‍ വള്ളങ്ങളും 10 കളിവള്ളങ്ങളും ഉള്‍പ്പടെ 16 വള്ളങ്ങളാണ് മല്‍സരിച്ചത്.

മിഥുനമാസത്തിലെ മൂലംനാളില്‍ ആരംഭിക്കുന്ന ഈ വേഗപ്പാച്ചിലോടെ ഇത്തവണത്തെ വള്ളംകളി സീസണിന് തുടക്കമായി. മല്‍സരങ്ങള്‍ക്കുമുമ്പു ജലഘോഷയാത്ര നടന്നു. ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാല്‍ കേരളത്തിലെ പുരാതനമായ ജലോല്‍സവാണു ചമ്പക്കുളം. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ളതാണു വള്ളംകളിയെങ്കിലും മതഭേദമന്യേ നാടിന്റെ ഉല്‍സവമാണിത്.