ജി.എസ്.ടി: അമ്യൂസ്‌മെൻറ് പാർക്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

0
356

ജിഎസ്ടി നടപ്പാക്കിയതോടെ അമ്യൂസ്‌മെൻറ് പാർക്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. 28 ശതമാനം നികുതിയാണ് ജിഎസ്ടിയിൽ അമ്യൂസ്‌മെൻറ് പാർക്കുകൾക്ക് ഉയർത്തിയത്. ഇതോടെ ടിക്കറ്റ് നിരക്കിലും വർധന വരുത്തുവാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് അമ്യൂസ്‌മെൻറ് പാർക്‌സ് ആൻഡ് ഇൻഡസ്ട്രീസ് (കേരളാ ചാപ്റ്റർ) ആരോപിച്ചു.

നിരക്ക് വർധനവ് വിനോദയാത്രയ്‌ക്കെത്തുന്ന സ്‌കൂൾ, കുടുംബശ്രീ, അംഗനവാടികള്‍  എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കേരളത്തിലെ അമ്യൂസ്‌മെൻറ് പാർക്കുകളിൽ കൂടുതലായും എത്തുന്നത് സ്‌കൂൾ വിദ്യാർഥികളാണ്. ജിഎസ്ടി പ്രകാരം 28 ശതമാനം വർധനവുണ്ടാവുമ്പോൾ ടിക്കറ്റ് നിരക്കിൽ 150 രൂപ അധികം നൽകണം. ഇതിൽ 100 രൂപ സന്ദർശകർ അധികം നൽകേണ്ടി വരും. 50 രൂപ തങ്ങൾ നികുതിയിനത്തി അടച്ച് നഷ്ടം സഹിക്കാനാണ് തങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്ന് സിൽവർ സ്റ്റോം മാനേജിങ് ഡയറക്റ്റർ എ.ഐ. ഷാലിമാർ പറഞ്ഞു.
ഡ്രീം വേൾഡ് ചാലക്കുടി, ഫാൻറസി പാർക്ക് പാലക്കാട്, ഫ്‌ളോറ ഫാൻറസിയ വളാഞ്ചേരി, ഗ്രീൻ വാല്ലി പത്തനംതിട്ട, ഹാപ്പി ലാൻഡ് തിരുവനന്തപുരം, സാധു മെറി കിങ്ഡം കണ്ണൂർ, സിൽവര്‍‌സ്റ്റോം ആതിരപ്പിള്ളി, വിസ്മയ ഇൻഫോട്ടോയ്‌മെൻറ് സെൻറർ, കണ്ണൂർ, വണ്ടർ ലാ കൊച്ചി എന്നിവയെയാണ് നികുതി വർധനവ് ബാധിക്കുക. കേരളത്തിൽ ഓരോ പാർക്കിൻറെയും മുതൽ മുടക്കിൻറെ തോത് അനുസരിച്ച് ലോക്കൽ ബോഡി ആണ് വിനോദ നികുതി ചാർജ് ചെയ്തിരുന്നത്. കഴിഞ്ഞ ഒന്നുമുതൽ ഇന്ത്യാ ഗവൺമെൻറ് ഈ വിനോദ നികുതിക്ക് പുറമേ സർവീസ് ടാക്‌സ് കൂടി ഈടാക്കി തുടങ്ങി. അതോടെ അമ്യൂസ്‌മെൻറ് പാർക്കുകളുടെ നടത്തിപ്പ് ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോൾ 28 ശതമാനം എന്ന ഉയർന്ന നിരക്കിലുള്ള ജിഎസ്ടിയുടെ വരവോടുകൂടി അമ്യൂസ്‌മെൻറ് ഇൻഡസ്ട്രി കടുത്ത പ്രതിസന്ധിയിലാവുകയും പുത്തൻ വഴികൾ അടക്കുകയും ചെയ്തിരിക്കുന്നു.
അമ്യൂസ്‌മെൻറ് പാർക്കുകളെ കാസിനോ, ഗാംബ്ലിങ് എന്നിവയെപ്പോലെ ഒരു ആഡംബര ഇനത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇവിടത്തെ സന്ദർശകരിൽ ഭൂരിഭാഗവും ഗവൺമെൻറ് സ്‌കൂൾ വിദ്യാർഥികൾ, കുടുംബശ്രീ, ആംഗൻവാടി എന്നിവയിലെ അംഗങ്ങളാണ്. ഒരു തൊഴിലിധിഷ്ടിത മേഖലയായതിനാൽ പ്രത്യക്ഷമായും പരോക്ഷമായും വളരെയേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. മറ്റുള്ള വ്യവസായങ്ങളെ അപേക്ഷിച്ച് അമ്യൂസ്‌മെൻറ് ഇൻഡസ്ട്രിയൽ അസംസ്‌കൃത വസ്തുക്കളഉടെ ഉപയോഗം തീരെ കുറവാണ് അതിനാൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാവാനുള്ള സാധ്യതയുമില്ല. ഇൻപുട്ട് ടാക്‌സ് മൂന്ന് ശതമാനത്തിൽ കൂടില്ല. ജിഎസ്ടി നിരക്കുകൾ ഓസ്‌ട്രേലിയയിൽ 10 ശതമാനവം, സിങ്കപ്പൂരിൽ ഏഴ് ശതമാനവും മലേഷ്യയിൽ ആറ്, ജപ്പാനിൽ അഞ്ച് ശതമാനവുമാണെന്നും അവർ പറഞ്ഞു. 28 ശതമാനം എന്ന ജിഎസ്ടി റേറ്റ് 12 ആക്കുക സ്‌കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ടൂറുകൾക്ക് ജിഎസ്ടി ഈടാക്കുന്നത് ഒഴിവാക്കുക, റെസ്റ്റോറൻറ് ഇൻഡസ്ട്രിയെ വേർതിരിച്ചിരിക്കുന്ന പോലെ പാർക്കുകളെയും വിവിധ കാറ്റഗറികളായി തിരിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.