ഡാർജലിങ്ങിൽ സങ്കര്‍ഷം കനക്കുന്നു, സൈന്യം ഇറങ്ങി

0
96


പോലീസിന്റെ വെടിയുണ്ടയേറ്റ് പ്രവർത്തകൻ മരിച്ചു എന്നാരോപിച്ച് ഗൂർഖാ ജനമുക്തി മോർച്ച ശനിയാഴ്ച്ച ഡാർജലിങ്ങിൽ നടത്തിയ പ്രതിഷേധങ്ങൾ അക്രമാസക്തമായി. പോലീസ് ഔട്ട് പോസ്റ്റിനു നേരെയും സർക്കാർ ഓഫീസുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ സൈന്യത്തെ വിന്യസിച്ചു. ഒരു മാസക്കാലമായി മേഖല സംഘർഷഭരിതമാണ്.

ഡാർജിലിങ്ങിലെ സൊനാഡയിൽ വെള്ളിയാഴ്ച്ച രാത്രിയാണ് ടാസി ഭൂട്ടിയ എന്ന 30കാരൻ കൊല്ലപ്പെട്ടത്. അന്നേ ദിവസം തന്നെയാണ് ഗൂർഖാ ജനമുക്തി പ്രവർത്തകർ നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.മരുന്ന വാങ്ങാനുള്ള യാത്രാ മധ്യേ പോലീസ് ടാസി ഭൂട്ടിയയെ വെടിവെയ്ക്കുകയായിരുന്നു എന്ന പരാതിയുമായി കുടുംബാംഗങ്ങൾ പോലീസിനെ സമീപിച്ചു.എന്നാൽ പോലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചു.

യുവാവ് കൊല്ലപ്പെട്ടത് പോലീസിന്റെ വെടിവെയ്പിലാണെന്നാണ് ഗൂർഖാ ജനമുക്തി മോർച്ചയുടെ ആരോപണം. യുവാവിന്റെ മൃതദേഹവും വഹിച്ച് പ്രതിഷേധക്കാർ റാലി സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾ അക്രമാസക്തമായി.പ്രതിഷേധക്കാർ ഡാർജിലിങ്ങിന്റെ പൈതൃക സ്വത്തായ ഹിമാലയൻ ടോയ് ട്രെയിൻ സ്റ്റേഷനു വരെ തീയിട്ടു. സർക്കാർ വാഹനങ്ങളും ഓഫീസുകളും വരെ പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചു. സംഘർഷാവസ്ഥയ്ക്ക് അയവു വരാത്തത് പരിഗണിച്ചാണ് സൈന്യത്തെ മേഖലയിൽ വിന്യസിച്ചത്.