ദയാബായിയെത്തി; കര്‍ഷക ആത്മഹത്യ ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ വേഷമിടാന്‍ 

0
144

അമ്പത് വർഷത്തിലേറെയായി മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ സാമൂഹ്യപ്രവർത്തനം നടത്തുന്ന ദായാബായി മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന കാന്തൻ (ദ ലൗവർ ഓഫ് കളർ) എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിലെ തിരുനെല്ലിയിൽ ആരംഭിച്ചു. ദയാബായിയെ കൂടാതെ 2012 ലെ ചലച്ചിത്ര അവാർഡിൽ ആദ്യമധ്യാന്തം എന്ന സിനിമയിൽ ജൂറി പുരസ്‌കാരം നേടിയ കണ്ണുർ തളിപ്പറമ്പ് സ്വദേശി മാസ്റ്റർ പ്രജിത്തുമാണ് മുഖ്യ കഥാപാത്രങ്ങൾ. കടബാധ്യത മൂലം അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത,ജീവിതം വഴിമുട്ടി നിൽക്കുന്ന കുട്ടിയെ സംരക്ഷിക്കുന്ന ഇത്തിയാമ്മ എന്ന റോളിലാണ് ദയാബായി എത്തുന്നത്.
വയനാട്ടിലെ പരിസ്ഥിതി, ആദിവാസി വിഭാഗങ്ങളിലെ പ്രശ്‌നങ്ങൾ കർഷക ആത്മഹത്യ എന്നി പ്രശ്‌നങ്ങളും സിനിമയിൽ ഉൾക്കൊള്ളിച്ചാണ് കണ്ണുർ തളിപ്പറമ്പ് സ്വദേശി ഷെറിഫ് ഈസ ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിൽ പി കെ കാളന്റെ സഹോദരൻ പി കെ കരിയൻ ഉൾപ്പെടെ അടിയവിഭാഗത്തിൽപ്പെട്ട പന്ത്രണ്ടുപേരും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഭാഷയും അടിയ വിഭാഗത്തിന്റെ ഭാഷ തന്നെയാണ്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമ എട്ട് ദിവസം കൊണ്ട് തിരുനെല്ലയിലും പരിസര പ്രദേശത്തുമായി ചിത്രീകരിക്കും.