നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അന്വേഷിക്കുന്നു

0
113


നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ദിലീപിന്റെ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിൻറെ ഭാഗമായി ദിലീപിൻറെ റിയൽ എസ്റ്റേറ്റ് പങ്കാളികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപെട്ട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നടിയും ദിലീപും സമ്മതിച്ച സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണം എന്ന നിലപാടിലാണ് പോലീസ്.

നടിയും ദിലീപും തമ്മിൽ സ്ഥലമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളുണ്ടെന്ന് നേരത്തേ ആരോപണം ഉയര്ന്നി രുന്നു. ഇതിൻറെ ഭാഗമായി ദിലീപിനേയും നാദിർഷയെയും ചോദ്യം ചെയ്തപ്പോൾ ഈ വിഷയങ്ങളും ഉൾപ്പെടുത്തിയിരുന്നതായാണ് വിവരം. നടിയും ദിലീപും തമ്മിലുള്ള ബിനാമി ഇടപാടുകളുടെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ടായിരുന്നു. ഈ രേഖകൾ മുൻ നിർത്തിയാണ് അന്ന് ചോദ്യം ചെയ്യലുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ മൂലമാണ് അന്ന് ചോദ്യം ചെയ്യൽ 13 മണിക്കൂറോളം നീണ്ടത്. നടിയെ ആക്രമിച്ചതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളുണ്ടോ എന്ന സംശയം ഉള്ളതിനാലാണ് ഇപ്പോൾ ദിലീപിൻറെ ബിസിനസ് പങ്കാളികളിൽ നിന്ന് മൊഴിയെടുത്തത്. റിയൽ എസ്റ്റേറ്റ് പങ്കാളികളെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ സിനിമപ്രവര്‍ത്തകരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടാതെ നടിയുടെ അഭിമുഖങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.ദിലീപുമായി അടുത്ത ബന്ധമുള്ള കണ്ണൂരിലെ തിയേറ്റര്‍ ഉടമയെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ഇയാളെ ചോദ്യംചെയ്തത്. ഇയാള്‍ നിരവധി തവണ ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന സൂചനയെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്.

ദിലീപിന്റെ ഫോണ്‍കോളുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കാലയളവിലെ ഫോണ്‍ കോളുകളാണ് അന്വേഷിക്കുന്നത്. ദിലീപിനെ നിരന്തരം വിളിച്ചവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.കൂടാതെ സിനിമയില്‍നിന്ന് ഒതുക്കപ്പെട്ടെന്ന നടിയുടെ ആരോപണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്.