പള്‍സറിന്റെ കത്തിന് പിന്നിലെ കുരുക്കഴിക്കാനാകാതെ പോലീസ്

0
105

പൾസർ സുനി ജയിലിൽനിന്ന് ദിലീപിനെഴുതിയ കത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നു കണ്ടെത്താനാവാതെ പൊലീസ്. സുനിയെയും കത്തെഴുതിയ വിപിൻ ലാലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.പൾസർ സുനിൽ, വിഷ്ണു, വിപിൻലാൽ എന്നിവരെ ഒന്നിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യാന്‍ ആണ് തീരുമാനം. സുനിലിന് ജയിലിലേക്ക് ഫോൺ എത്തിച്ചു കൊടുത്ത് വിഷ്ണുവാണ്. കത്തെഴുതിയത് വിപിൻലാലും.

സുനിലും പൊലീസും ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കത്തെഴുതിയതെന്നാണ് വിപിൻലാൽ പറഞ്ഞിരുന്നത്. എന്നാൽ ഈ മൊഴി അന്വേഷണം വഴി തിരിച്ചു വിടാൻ വേണ്ടിയാണെന്ന്‌ െപാലീസ് കരുതുന്നു. വിപിൻലാലിനെയും വിഷ്ണുവിനെയും മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. അതുകൊണ്ടു തന്നെ മൂവരെയും ചോദ്യം െചയ്യലിന് വീണ്ടും വിധേയമാക്കാനാണ് തീരുമാനം.പൾസർ സുനിക്ക് ജയിലിനുള്ളിൽ ഫോണും സിം കാർഡും എത്തിച്ചു കൊടുത്ത കൊടുത്ത വിഷ്ണു, ജയിലിലും പുറത്തും ഈ ഫോണുപയോഗിച്ച മേസ്തിരി സുനിൽ, കത്തെഴുതി നൽകിയ സഹതടവുകാരനായ വിപിൻലാൽ എന്നിവരെ പൾസർ സുനിക്കൊപ്പമിരുത്തി പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. എന്നാൽ കത്തെഴുതാൻ ആരുടെയെങ്കിലും പ്രേരണയുണ്ടായോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.

പൾസർ സുനി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞാൽ കേസിൽ പ്രതിയാകുമെന്ന സംശയമാണ് വിപിൻലാൽ ഇങ്ങനെ പറയാൻ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് വിഷ്ണും വിപിൻലാലും മറുപടി നൽകിയത്. അതേസമയം ദിലീപിന്റെ അടുത്ത ചില സുഹൃത്തുക്കളെ ഇന്നലെ ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സിനിമാമേഖലയിൽ നിന്നടക്കം കൂടുതൽ ആളുകളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ജയിലധികൃതരേയും ചോദ്യം ചെയ്‌തേക്കും. പൾസർ സുനി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. സഹതടവുകാരുടെ പരസ്പരവിരുദ്ധ മൊഴികളും അന്വേഷണ സംഘത്തിനു തലവേദനയാവുകയാണ്.