പശ്ചിമബംഗാളിലെ കലാപ ഭൂമിയായ ബസിര്ഹിലേക്ക് യാത്രതിരിച്ച ബിജെപി ദേശീയ നേതൃത്വത്തിലെ മൂന്ന് എംപിമാരെ വഴിമധ്യേ പോലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷി ലേഖി, ഓം മാതൂര്‍, സത്യപാല്‍ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡംഡം വിമാനത്താവളത്തിന് സമീപമുള്ള മൈക്കിള്‍ നഗറിലാണ് ഇവരെ പോലീസ് തടഞ്ഞു നിര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വംശീയ ലഹള നടന്ന ബസിര്‍ഹത് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മീനാക്ഷി ലേഖിക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പോലീസ് പുറത്തിറക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു സന്ദര്‍ശനത്തിനു മീനാക്ഷി ലേഖി തയ്യാറായത്.
ബസിര്‍ഹത്തിലുണ്ടായ വംശീയ കലാപത്തിനെതിരെ ബിജെപി കൊല്‍ക്കത്തയില്‍ ശനയാഴ്ച്ച റാലി നടത്തിയിരുന്നു. ‘ഞങ്ങള്‍ ബസിര്‍ഹത്തില്‍ പോയി അവിടുത്തെ ജനങ്ങളോട് തീര്‍ച്ചയായും സംസാരിക്കും. പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ ചോദിച്ച് മനസ്സിലാക്കും’ ലേഖി പറഞ്ഞു.
ഫെയ്ബുക്കില്‍ വന്ന സ്കൂള്‍ വിദ്യാര്‍ഥിയുടെ പോസ്റ്റാണ് പ്രദേശത്തെ അരക്ഷിതാവസ്ഥയിലാക്കിയ ലഹളയ്ക്ക് വഴിവെച്ചത്. കലാപത്തിന് തുടക്കംകുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട പതിനേഴുകാരനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, സംഭവസമയത്ത് തന്റെ സിം കാര്‍ഡ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഫെയ്സ്ബുക്കില്‍ വളരെ സജീവമായ ഇയാളുടെ ടൈംലൈനില്‍ ഇതുവരെ ഇത്തരത്തിലുള്ള പോസ്റ്റുകളൊന്നും കണ്ടിട്ടില്ലെന്നും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും സമീപവാസികള്‍ പറയുന്നു. ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക എന്നിങ്ങനെയുള്ള ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളെയാണ് കലാപം കാര്യമായി ബാധിച്ചത്.
വാഹനങ്ങളുടം കടകളും വീടുകളും ആള്‍ക്കൂട്ടം തീയിട്ട് നശിപ്പിച്ചു. പുറത്തു നിന്നുള്ള ഗുണ്ടകളാണ് പ്രദേശത്ത് അക്രമം അഴിച്ചു വിടുന്നതെന്നാണ് പ്രദേശവാസികളില്‍ പലരും ആരോപിക്കുന്നത്. വെള്ളിയാഴ്ച്ച കോണ്‍ഗ്രസ്സ്, സിപിഎം നേതാക്കളെ അക്രമബാധിത പ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് സര്‍ക്കാര്‍ തഠഞ്ഞിരുന്നു. പ്രതിപക്ഷ നേതാക്കളോട് പ്രദേശം സന്ദര്‍ശിക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.