ബി.ജെ.പിയുടെ ശ്രമം രാഷ്ട്രപതി ഭരണത്തിന്: മമത

0
93

ബംഗാള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. കേന്ദ്രം ഫെഡറല്‍ ഭരണ വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബസിര്‍ഹത്, ബദൂരിയ മേഖലകളിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും മമതാ ബാനര്‍ജി അറിയിച്ചു.ഡാര്‍ജലിങ് സംഘര്‍ഷ വിഷയത്തിലും അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിക്കുമെന്നും മമത അറിയിച്ചു

‘ഒരു മാസത്തിലേറെയായി മേഖല സംഘര്‍ഷ ഭരിതമാണ്. ഡാര്‍ജിലിങ്ങില്‍ ക്രമസമാധാനം കൈവരിക്കാന്‍ കേന്ദ്രം സഹകരിക്കുന്നില്ല. കേന്ദ്രത്തിന് നിസ്സഹകരണ മനോഭാവമാണ് മാത്രമല്ല അതിര്‍ത്തിയിലുണ്ടായ ആക്രമണങ്ങളില്‍ ബിജെപിയുമായി ബന്ധമുള്ള വിദേശ ശക്തികളുടെ കൈകളുണ്ട്’, അവര്‍ ആരോപിക്കുന്നു.

കേന്ദ്രത്തിനെതിരെ സംസാരിച്ച പശ്ചിമ ബംഗാളിനെയും കേരളത്തിനെയും പുതുച്ചേരിയെയും രാഷ്ട്രീയ പക തീര്‍ക്കാന്‍ കേന്ദ്രം ലക്ഷ്യം വെക്കുകയാണെന്നും മമതാ ആരോപിച്ചു.

മീനാക്ഷി ലേഖി, ഓം മാതൂര്‍, സത്യപാല്‍ സിങ് എന്നീ ബിജെപി എംപിമാരെ ഡംഡം വിമാനത്താവളത്തിന് സമീപമുള്ള മൈക്കിള്‍ നഗറില്‍ പശ്ചിമ ബംഗാള്‍ പോലീസ് തടഞ്ഞുവച്ചതിന് തൊട്ടു പിന്നാലെയാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം. ബസിര്‍ഹത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇവരെ പോലീസ് തടഞ്ഞുവച്ചത്.