മഞ്ചേശ്വരത്തെ ഒരു പരേതന്‍ കൂടി ഹൈക്കോടതിയില്‍, സുരേന്ദ്രന്‍ പ്രതിരോധത്തില്‍

0
87

മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന് എതിർ സ്ഥാനാർഥി ആരോപിച്ച ഒരു ‘പരേതൻ’ കൂടി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകി. പി.ബി. അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർസ്ഥാനാർഥി ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് ഉപ്പള സ്വദേശി അബ്ദുല്ല കോടതിയിൽ നേരിട്ട് ഹാജരായത്. അബ്ദുല്ലയടക്കം പരേതരായ ആറുപേർ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തതായി ആരോപിച്ച് പേരുവിവരം കെ.സുരേന്ദ്രന്‍  േകാടതിയിൽ സമർപ്പിച്ചിരുന്നു. കോടതി സമൻസിനെത്തുടർന്നാണ് നേരിട്ട് ഹാജരായി മൊഴി നൽകിയത്. നേരത്തേ ഇതേ ആരോപണത്തിന് വിധേയനായ അഹമ്മദ് കുഞ്ഞിയെന്ന വോട്ടറും നേരിട്ട് ഹാജരായിരുന്നു. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖ് 89 വോട്ടിനാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരിൽ വൻതോതിൽ കള്ളവോട്ട് നടന്നെന്നും അല്ലായിരുന്നെങ്കിൽ താൻ ജയിക്കുമായിരുന്നെന്നുമാണ് സുരേന്ദ്രെൻറ വാദം. കള്ളവോട്ട് ചെയ്‌തെന്ന ആരോപണമുള്ള മണ്ഡലത്തിലെ 250 വോട്ടർമാരെ കോടതി തെളിവെടുപ്പിന് വിളിച്ചിട്ടുണ്ട്.