യുവമോർച്ച നേതാവിന്റെ ദുരൂഹമരണം: അന്വേഷണം യുവതിയെയും പാലക്കാടും കേന്ദ്രീകരിച്ച്

0
92
സജിന്‍ രാജ്

യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിൻരാജ് (34, ലാലു) പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, മറ്റ് സാധ്യതകളും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിനായി പൊലീസ് സജിൻരാജിന്റെ സ്വദേശമായ പാലക്കാട്ടെത്തി. സജിൻരാജിന്റെ അവസാനസന്ദേശമെത്തിയ യുവതി, ഇയാൾ ഉപയോഗിച്ച കാർ വാടകയ്ക്ക് നൽകാൻ ഇടനിലക്കാരനായ ബിജെപി സംസ്ഥാന നേതാവിന്റെ സഹായി, പണം കടം കൊടുത്ത മറ്റൊരാൾ എന്നിവരെ പൊലീസ് ചോദ്യംചെയ്യും.

തിരുവനന്തപുരത്ത് ദേശീയപാതയിൽ മാമം പാലത്തിനുസമീപം പാലമൂട്ടിൽ കടത്തിണ്ണയിൽ വ്യാഴാഴ്ച രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റനിലയിൽ സജിൻരാജിനെ കണ്ടെത്തിയത്. പൊലീസ് 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ മൂന്നരയോടെ മരിച്ചു.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് മരണം ആത്മഹത്യയാണെന്ന പ്രാഥമികനിഗമനത്തിൽ പൊലീസ് എത്തിയത്. എന്നാൽ, മരണത്തിലേക്ക് നയിച്ചതിനുപിന്നിൽ സാമ്പത്തികപ്രശ്‌നമോ പ്രണയനൈരാശ്യമോ ഉണ്ടോയെന്നുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ആറ്റിങ്ങൽ എസ്‌ഐ തൻസീമിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘം പാലക്കാട്ടെത്തി. മറ്റ് സാധ്യതകളും ഇവർ പരിശോധിക്കും. മരിക്കുന്നതിനുമുമ്പ് അവസാനമായി സുഹൃത്തായ ഒരു യുവതിക്ക് ആത്മഹത്യ ചെയ്യുമെന്നു കാട്ടി സജിൻരാജ് സന്ദേശം അയച്ചിരുന്നു. പാലക്കാട്- തൃശൂർ അതിർത്തി സ്വദേശിയായ ഈ യുവതിയെ അന്വേഷണസംഘം ചോദ്യംചെയ്യും. വാഹനം വാടകയ്ക്ക് നൽകിയ കരമന സ്വദേശിയെ ചോദ്യംചെയ്തപ്പോഴാണ് ഇടനിലക്കാരനായ ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ സ്റ്റാഫിനെക്കുറിച്ച് വിവരം ലഭിച്ചത്. സജിൻരാജിന്റെ സുഹൃത്താണ് ഇയാൾ.

മരിക്കാൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് സജിൻരാജ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്. തലേദിവസം ഉച്ചയ്ക്ക് ഒന്നേകാലോടെ ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫായിരുന്നു. അതിനുമുമ്പ് അവസാനമായി കൂട്ടുകാരിയായ യുവതിക്ക് സന്ദേശമയച്ചു. ‘താങ്ക്‌സ് ഫോർ ഓൾ, ഇനി ഒരിക്കലും കാണില്ല. നാളെ എന്റെ ശവം കാണാൻ വരണം. പോസ്റ്റുമോർട്ടം നടത്തി രാവിലെ ശവമെത്തും’- ഇതായിരുന്നു സന്ദേശം. വാടകവണ്ടി തിരുവനന്തപുരത്തേതായതിനാലാണ് അതിൽ വന്നത്. മാത്രമല്ല, ഒറ്റയ്ക്ക് കാറോടിച്ചാണ് വന്നത്. തൃശൂർ, ഇടപ്പള്ളി ടോളുകളിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിലാണ് ഈ വിവരം ലഭിച്ചത്.

തലയ്ക്ക് താഴെയാണ് പെട്രോൾ ഒഴിച്ചതെന്നതും ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്നതാണ്. മറ്റാരെങ്കിലും പെട്രോൾ ഒഴിച്ചതാണെങ്കിൽ തലയിലൂടെയാകും ഒഴിക്കുക. പിടിവലിയുടെ ഒരു ലക്ഷണവും സ്ഥലത്തില്ല. മാത്രമല്ല, വാഹനത്തിനകത്തും ഒരു ബോട്ടിലിൽ പെട്രോൾ സൂക്ഷിച്ചിരുന്നു. ഇതും പുറത്തെ ബോട്ടിലിൽനിന്ന് ലഭിച്ച പെട്രോളും പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പെട്രോളൊഴിച്ച് തീകൊളുത്തിയ ഉടൻ സജിൻ നിലവിളിച്ചിരുന്നു. ഈസമയം ഓടിവന്ന അടുത്ത കടയിലെ സെക്യൂരിറ്റിക്കാരൻ മറ്റാരും ഓടിപ്പോകുന്നത് കണ്ടിട്ടുമില്ല. ഒരാൾ തീകൊളുത്തിയെന്ന് ഡോക്ടറോട് പറഞ്ഞത് കളവാണെന്നാണ് പൊലീസ് നിഗമനം.

യുവതിയുമായി സാമ്പത്തിക ഇടപാടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ തമ്മിൽ വാട്‌സാപ്പിലൂടെ നടത്തിയ ചാറ്റിങ്ങിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റൊരാളിൽനിന്ന് സജിൻ രണ്ടുലക്ഷം രൂപ വായ്പ വാങ്ങിയതായി അച്ഛനും മൊഴിനൽകിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സിഐ അനിൽകുമാർ പറഞ്ഞു.