യു.എന്നില്‍ ആണവായുധ നിരായുധീകരണ കരാര്‍, ഇന്ത്യ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു 

0
86

ആഗോള തലത്തിൽ ആണവായുധ നിരോധന കരാർചർച്ച ചെയ്യാനുള്ള പ്രമേയം കൊണ്ടുവരുന്നതിന് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. 122 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഇന്ത്യ അടക്കം എട്ട് ആണവ രാജ്യങ്ങൾ ചർച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുത്തില്ല. അമേരിക്ക, ചൈന, പാകിസ്ഥാൻ, റഷ്യ, ഫ്രാൻസ്, ഉത്തര കൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ ചർച്ചയിൽ പങ്കെടുക്കാതിരുന്നത്. അതേസമയം, നെതർലൻഡ്‌സ് എതിരായി വോട്ട് ചെയ്തപ്പോൾ സിംഗപ്പൂർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ആഗോള തലത്തിൽ ആണവായുധ നിരോധനം കൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ച നടത്തുന്നതിനായുള്ള പ്രമേയം പരിഗണനയ്ക്ക് എടുക്കുന്നതിനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന യോഗത്തിൽ യു.എൻ തീരുമാനിച്ചിരുന്നു. . 123 രാഷ്ട്രങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, ആണവശക്തികളും സഖ്യകക്ഷികളും ഉൾപ്പെടെ 38 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ അടക്കം പതിനാറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആണവായുധ ശക്തികളായ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഇസ്രായേൽ, ഫ്രാൻസ് എന്നിവരും എതിർത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ആണവായുധ രാഷ്ട്രങ്ങൾ ഉൾപ്പെടാത്ത കരാറിൽ അർത്ഥമില്ലെന്ന നിലപാടുള്ള ആസ്‌ട്രേലിയ അമേരിക്കൻ പക്ഷത്തു നിന്നുകൊണ്ട് പ്രമേയത്തെ എതിർത്തു.

ആണവായുധങ്ങൾ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമത്തിലൂടെ നിരോധിക്കാനുള്ള കരാറുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആണവ നിരായുധീകരണമല്ല വേണ്ടതെന്നും ആണവായുധം സമാധാന ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.

ആണവ നിരായുധീകരണ കരാറിനെപ്പറ്റി 1996ലാണ് അവസാനം കൂടിയാലോചനകൾ നടന്നത്. അന്ന് രൂപം നൽകിയ സമഗ്ര ആണവ, പരീക്ഷണ നിരോധന കരാർ (കോംപ്രിഹെൻസീവ് ന്യൂക്ലിയർ – ടെസ്റ്റ് ബാൻ ട്രീറ്റി – സി.ടി.ബി.ടി ) ഏതാനും രാജ്യങ്ങളുടെ എതിർപ്പുകാരണം നിയമപരമായി നിലവിൽ വന്നിട്ടില്ല. . മാരക നശീകരണശേഷിയുള്ള ആയുധങ്ങളിൽ അന്താരാഷ്ട്ര കരാറിലൂടെ നിരോധിക്കാത്തത് ആണവായുധങ്ങൾ മാത്രമാണ്. രാസ, ജൈവ ആയുധങ്ങൾ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യു.എൻ പ്രമേയത്തെ ചരിത്രപരം എന്നാണ് ലോകരാഷ്ട്രങ്ങൾ വിശേഷിപ്പിച്ചത്. ഈ വർഷം ജനീവയിൽ നടന്ന യു.എൻ വർക്കിംഗ് ഗ്രൂപ്പിന്റെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് പ്രമേയം തയ്യാറാക്കിയത്. 2013, 14 വർഷങ്ങളിൽ നോർവേ, മെക്‌സിക്കോ, ആസ്ട്രിയ എന്നിവിടങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ, ആണവായുധങ്ങൾ മനുഷ്യന് സമ്മാനിച്ച കൊടിയ ദുരിതങ്ങൾ ഉൾപ്പെടുത്തി നിരായുധീകരണ നിർദ്ദേശങ്ങൾക്ക് രൂപം നൽകിയിരുന്നു. ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച സെറ്റ്‌സുകോ തുർലോവ് എന്ന വയോവൃദ്ധൻ ആദ്യവസാനം പങ്കാളിയായി. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഇസ്രായേൽ, ദക്ഷിണകൊറിയ എന്നിവയാണ് ആണവായുധ രാജ്യങ്ങൾ. ആകെ 15,000 ആണവായുധങ്ങളിൽ ഭൂരിപക്ഷവും അമേരിക്കയുടെയും റഷ്യയുടെയും പക്കലാണ്.