ലാലുവിനെ കുരുക്കാന്‍ കച്ചകെട്ടി കേന്ദ്രം. മകളുടെ വീട്ടിലും റെയ്ഡ്

0
76


രാഷ്ട്രീയ ജനതാദള്‍ നേതാവായ ലാലു പ്രസാദ് യാദവിന്റെ മകളായ മിസ ഭാരതിയുടെ വസതിയിലും ഫാമിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ് നടത്തി. ബിനാമി സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മിസ ഭാരതിയും ഭര്‍ത്താവ് സഹിലേഷ് കുമാറും ആരോപണം വിധേയരായിട്ടുള്ളത്. സാമ്പത്തിക അഴിമതിയാണ് റെയ്ഡിനു കാരണം. ഇന്നലെ പട്‌നയിലെ 12 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടന്നിരുന്നതിന്റെ പിന്നാലെയാണ് ഈ റെയ്ഡും.

റെയില്‍വേ ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ റെയ്ഡ് നടന്നത്. ഇതില്‍ ലാലുവിന്റെ ഭാര്യയേയും മകനേയും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലും ഒഡീഷയിലെ പുരിയിലും റെയില്‍വേയുടെ ഉടമസ്ഥതയിലായിരുന്ന ബിഎന്‍ആര്‍ ഹോട്ടലുകളുടെ നടത്തിപ്പു ചുമതല സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിന്റെ പേരില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. ഈ ഹോട്ടലിന്റെ നടത്തിപ്പും മേല്‍നോട്ടവും സുജാത ഗ്രൂപ്പിനു പാട്ടത്തിനു കൈമാറിയതില്‍ അഴിമതി നടത്തിയതായാണ് കേസ്.

ബിഎന്‍ആര്‍ ഹോട്ടലുകള്‍ ആദ്യം ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനു (ഐആര്‍സിടിസി) കൈമാറുകയും പിന്നീടു ടെന്‍ഡറില്‍ ക്രമക്കേടു നടത്തി സുജാത ഗ്രൂപ്പിനു നല്‍കിയെന്നുമാണു സിബിഐ ആരോപിക്കുന്നത്. ഇതിനു പ്രത്യുപകാരമായി പട്‌നയില്‍ മൂന്നേക്കര്‍ സ്ഥലം ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനിക്കു സുജാത ഗ്രൂപ്പിന്റെ ഡയറക്ടര്‍ വിനയ് കൊച്ചാര്‍ 1.47 കോടി രൂപയക്ക്ു കൈമാറിയതായും സിബിഐ കണ്ടെത്തിയിരുന്നു. ലാലുവിന്റെ കുടുംബത്തിലെ നിയന്ത്രണത്തിലുണ്ടായിരുന്ന ലാറ പ്രോജക്ട്‌സ് ലിമിറ്റഡിനു സരള ഗുപ്ത ഡയറക്ടറായ ഡിലൈറ്റ് മാര്‍ക്കറ്റിങ് കമമ്പനി ഈ സ്ഥലം തുച്ഛവിലയ്ക്കു കൈമാറിയതായി സിബിഐ ആരോപിക്കുന്നു. നിലവില്‍ ഈ സ്ഥലത്തിനു 94 കോടി വിലമതിക്കുന്നു.