വനിതാ ലോകകപ്പ്‌ : ഇന്ത്യയ്ക്ക് 115 റണ്‍സ് തോല്‍വി

0
99

വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിയിലെത്താൻ ഇന്ത്യ ഇനിയും കാത്തിരിക്കണം. തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യ തകർന്നടിഞ്ഞു. 115 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 274 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 46 ഓവറിൽ 158 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 10 ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ നികേർകിന്റെ മുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് പിടിച്ചു നിൽക്കാനായില്ല.
ഒരു ഘട്ടത്തിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലായിരുന്നു. തുടർന്ന് 60 റൺസെടുത്ത ദീപ്തി ശർമ്മയും 43 റൺസടിച്ച ജുലൻ ഗോസ്വാമിയുമാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്. ഇന്ത്യയുടെ ഏഴ് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി. ഇനി ഇന്ത്യക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾക്കെതിരെയാണ് മത്സരം.
നേരത്തെ ടോസ്‌നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റിന് 273 റൺസാണ് നേടിയത്. 92 റൺസ് അടിച്ച ലിസ്ലെ ലീയും 57 റൺസ് നേടിയ ഡെയ്ൻ വാൻ നികേർകുമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന് കരുത്ത് പകർന്നത്. രണ്ടാം വിക്കറ്റിൽ 91 റൺസിന്റെയും ഏഴാം വിക്കറ്റിൽ 49 റൺസിന്റെയും കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയുണ്ടാക്കിയത്. ഒമ്പത് ഓവറിൽ 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ശിഖ പാണ്ഡ്യെ ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങി.