ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ അനുവദിക്കില്ല: രാജകുടുംബം

0
87

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കേണ്ടെന്ന നിലപാടിലുറച്ച് തിരുവിതാംകൂർ രാജകുടുംബം. മുൻപ് ഒൻപതു തവണ ‘ബി’ നിലവറ തുറന്നിട്ടുണ്ടെന്ന സുപ്രീംകോടതി വിലയിരുത്തൽ തെറ്റാണ്. നിലവറ തുറക്കുന്നതിനായി സ്ഫോടനം നടത്തേണ്ടി വരുമെന്ന പ്രചരണം തെറ്റാണെന്നും രാജകുടുംബം വ്യക്തമാക്കി.

സ്വത്ത് മൂല്യനിർണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിർദേശം. രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികൾ ആരംഭിക്കാൻ അമിക്കസ് ക്യൂറിയോട് നിർദേശിച്ചെങ്കിലും നിലവറ തുറക്കേണ്ടന്ന നിലപാടിൽ മാറ്റമില്ലെന്ന് രാജകുടുംബം വ്യക്തമാക്കി.

ബി നിലവറക്ക് രണ്ട് ഭാഗമുണ്ട്. അതിലൊന്ന് മാത്രമാണ് തുറന്നിട്ടുള്ളത്. അതിനാൽ ഒൻപതു തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണ്. ബി നിലവറ ഇതുവരെയും തുറക്കാത്തതിന് അതിന്റേതായ കാരണമുണ്ട്. അത്തരം കാര്യങ്ങൾ അമിക്കസ് ക്യൂറിയെയും സുപ്രീംകോടതിയെയും ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് രാജകുടുംബം. അതേസമയം നിലവറ തുറക്കണമെങ്കിൽ സ്‌ഫോടനം വേണ്ടിവരുമെന്നതടക്കമുള്ള പ്രചാരണങ്ങൾ അറിവില്ലായ്മ മൂലമാണെന്നും രാജകുടുംബാഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരതക്കോണിലാണ് ഇതുവരേയും തുറന്നു പരിശോധിക്കാത്ത ബി നിലവറ. അഗസ്ത്യ മുനിയുടെ സമാധി സങ്കൽപ്പവും ഇവിടെയുണ്ട്. രണ്ടു തട്ടാണു ബി നിലവറയിലുള്ളത്. ഇതിൽ രണ്ടാമത്തെ അറ ഗർഭഗൃഹത്തിന്റെ അടിഭാഗം വരെ എത്തുമെന്നാണു വിശ്വാസം. ചരിവു പ്രതലത്തിലൂടെ ആയാസപ്പെട്ടു മാത്രമേ ഇവിടേക്കു കടക്കാൻ കഴിയൂ. കൂടാതെ കൂറ്റൻ കരിങ്കൽ പാളികൾ ഉപയോഗിച്ചു രണ്ടാമത്തെ അറയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സ്വർണം, വെള്ളി കട്ടകളും പന്ത്രണ്ടോളം ഇരുമ്പു ജാറുകളിൽ നിറയെ സ്വർണ നാണയങ്ങളും ആഭരണങ്ങളും സ്വർണ മണികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണു കേഴ്വി.

എല്ലാ അറകളും തുറന്നു കണക്കെടുപ്പു നടത്താനുള്ള കോടതി വിധിക്കു വിധേയമായി ബി അറയും തുറക്കാൻ ശ്രമിച്ചിരുന്നു. ഇതു ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. ആദ്യ വാതിലിനകത്തുള്ള ഉരുക്കു വാതിലിന്റെ പൂട്ടുതുറന്ന് അറയിലേക്കു കടക്കാൻ കഴിയാതിരുന്നതുകൊണ്ടാണു ബി നിലവറ മറ്റു നിലവറകൾക്കൊപ്പം തുറക്കാൻ കഴിയാതിരുന്നത്. തൃക്കോവിലിന്റെയും വിഗ്രഹത്തിന്റെയും പവിത്രതയെ ബാധിക്കുമെന്നതിനാലാണ് നിലവറ തുറക്കുന്നതിനെ എതിർക്കുന്നതെന്നാണ് രാജകുടുംബത്തിന്റെ ഭാഷ്യം.