ശ്രീറാമിനെ മാറ്റിയത്  മന്ത്രി മണിയും ജോയ്‌സ് ജോർജും : പി.ടി. തോമസ്

0
91

ദേവികുളം സബ് കലക്ടർ വി. ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയത് മന്ത്രി എം.എം. മണിയും, ജോയ്‌സ് ജോർജ് എംപിയുമാണെന്ന് പി.ടി. തോമസ് എംഎൽഎ. കയ്യേറ്റ മാഫിയകൾ പിണറായി സർക്കാരിന്റെ കീഴിലാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദേവികുളം സബ് കലക്ടർ വി. ശ്രീറാമിന്റെ മാറ്റം. ദേവികുളം താലൂക്കിൽ 300 ഏക്കർ സ്ഥലം വ്യാജ രേഖകളിലൂടെ കൈവശപ്പെടുത്തി. മന്ത്രി മണിയും ജോയ്‌സ് ജോർജും ഇതിനു കൂട്ടു നിന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കൊട്ടാക്കമ്പൂരിൽ സർക്കാർ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയൽ അഗ്രിക്കൾച്ചറൽ കമ്പനി എന്ന സ്ഥാപനവുമായി മന്ത്രി എം.എം. മണിയുടെ ബന്ധം അന്വേഷിക്കണം. മന്ത്രിയാകുന്നതിനു മുൻപും ശേഷവും എം.എം. മണി പല വട്ടം ഈ സ്ഥാപന ഉടമയുടെ വീട് സന്ദർശിച്ചിട്ടുണ്ട്. മണിയുടെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പെരുമ്പാവൂരിലെ സിപിഎം നേതൃത്വം പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്. മന്ത്രി എം.എം. മണിയും, ജോയ്‌സ് ജോർജ് എംപിയും കർഷകരെ മറയാക്കി ഇടുക്കി ജില്ലയിലെ കർഷക സമൂഹത്തെ കബളിപ്പിക്കുകയാണെന്നും പി.ടി. തോമസ് ആരോപിച്ചു.

ഇടുക്കി ജില്ലയിലെ കോൺഗ്രസ് നേതൃത്വം കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിച്ചാൽ നിയമസഭയിലും ലോക് സഭയിലും ഇടുക്കിയിൽ നിന്നും കോൺഗ്രസിനു പ്രതിനിധികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പി.ടി. തോമസ് പ്രതികരിച്ചില്ല.