സര്‍ക്കാരിന് തെറ്റുപറ്റി; തച്ചങ്കരി ഫയലുകൾ കടത്തി : സെൻകുമാർ

0
148

പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ‘ടി’ സെക്ഷനിൽ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത് തെറ്റാണെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍.പൊലീസ് ആസ്ഥാനത്തുനിന്ന് ഫയൽ കടത്തിയിട്ടുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് പൊലീസ് മുൻമേധാവി ടി.പി. സെൻകുമാർ പ്രതികരിച്ചു. ഹൈക്കോടതിയിൽ സർക്കാർ നൽകിയ റിപ്പോർട്ട് ശരിയല്ല. കടത്തിയില്ലെന്ന് പറയാൻ ന്യായങ്ങളുണ്ടാകാം. പകർപ്പ് എടുത്തുവച്ചാലും മതിയെന്നും സെൻകുമാർ പറഞ്ഞു. കോടതി ആവശ്യപ്പെട്ടാൽ താൻ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വീണ്ടും തച്ചങ്കരിയെ ന്യായീകരിച്ചു. ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കെ ഉയർന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തച്ചങ്കരിയെ സസ്‌പെൻഡ് ചെയ്യാനുള്ള വിജിലൻസ് ഡയറക്ടറുടെ ശുപാർശ നടപ്പാക്കേണ്ടതില്ല. തച്ചങ്കരി ഇപ്പോൾ ആ സ്ഥാനം വഹിക്കാത്ത സാഹചര്യത്തിൽ നടപടിയുടെ ആവശ്യമില്ലെന്ന് വിജിലൻസിനെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സർക്കാർ വിശദീകരണം.ഈ ആക്ഷേപം പൊലീസ് മേധാവി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഫയലുകളുടെ ഓഡിറ്റിങ് നടത്താനും ഡിജിപി നിർദേശം നൽകിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ടി സെക്ഷനിൽ നിന്ന് എഡിജിപി: ടോമൻ.ജെ.തച്ചങ്കരി ഫയലുകൾ കടത്തിയെന്നായിരുന്നു ആരോപണം.