സിബി മാത്യൂസിനെതിരെ വനിതാ കമ്മീഷനില്‍ സൂര്യനെല്ലി പെൺകുട്ടിയുടെ പരാതി

0
59


മുൻ ഡിജിപി ഡോ.സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. സിബി മാത്യൂസിന്റെ സർവീസ് സ്റ്റോറിയിൽ പെൺകുട്ടിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് പരാതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയിരുന്നുവെന്നും കേസിലേക്കു പി.ജെ. കുര്യന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ‘നിർഭയം’ എന്ന പേരിൽ ഇറങ്ങിയ സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പിൽ പറയുന്നു. പരാതി ലഭിച്ചെന്നും പരിശോധിക്കുകയാണെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി.

ഇരുപത്തിയൊന്നു വർഷം മുമ്പ് നടന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇരയെയും കുടംബത്തെയും പൊതുസമൂഹത്തിനു മുന്നിൽ അവഹേളിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ് ഇത്തരം പരാമർശങ്ങൾ നടത്തിയത്. ഇത് ജീവിക്കാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പോലും അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു.

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നെന്നും എന്നാൽ പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാനാണ് പെൺകുട്ടി ശ്രമിച്ചതെന്നും സിബി മാത്യൂസ് പുസ്തകത്തിൽ പറയുന്നു. ചില ചോദ്യങ്ങൾക്ക് കള്ളച്ചിരിയോടെയായിരുന്നു മറുപടി. എന്തൊക്കെയോ അവർ മറച്ചുവയ്ക്കാൻ ശ്രമിച്ചു. കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നതിന് മുമ്പ്, ചെറിയ കുട്ടിയായിരുന്നപ്പോൾ ഇവർ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പി.ജെ. കുര്യന്റെ പേര് കേസിലേക്കു വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. ആദ്യം കുര്യന്റെ പേര് പറയാതിരുന്ന പെൺകുട്ടി പിന്നീട് എന്തുകൊണ്ട് അതു പറഞ്ഞു? ചിലർക്ക് കുര്യനെ കേസിൽപെടുത്തണമെന്ന് താൽപര്യമുണ്ടായിരുന്നെന്നും സിബി മാത്യൂസ് തന്റെ പുസ്തകത്തിൽ പറയുന്നു.

നിറം പിടിപ്പിച്ചതും ഊഹോപോഹങ്ങൾ നിറഞ്ഞതുമായ ഇത്തരം ആക്ഷേപങ്ങൾ കുടുംബത്തെ ആകെ തകർത്തുവെന്ന് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു. പുസ്തകം പ്രകാശനം ചെയ്ത വി.എസ്.അച്യുതാനന്ദനും പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.