സിറിയന്‍ വെടിനിര്‍ത്തലിന് റഷ്യ-അമേരിക്ക ധാരണ

0
71

ട്രംപും പുട്ടിനും ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തി  ; സിറിയയിൽ ആറുവർഷമായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവാകുന്നു


സിറിയയിൽ വെടിനിർത്തലിന് റഷ്യയും അമേരിക്കയും തമ്മിൽ കരാർ. സിറിയയുടെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിൽ ഇരു വൻശക്തികളും തുടരുന്ന ബോംബുവർഷവും ആക്രമണവും അവസാനിപ്പിക്കാൻ, ജർമനിയിലെ ഹാംബർഗിൽ ജി20 ഉച്ചകോടിക്കെത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്‌ലാദ്മിർ പുടിനും തമ്മിൽ നടന്ന ആദ്യത്തെ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് തീരുമാനം. സിറിയയിൽ ആറുവർഷമായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവാകുന്നതാണ് പുതിയ തീരുമാനം.

ജോർഡൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിർത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറിൽ കക്ഷിയാകുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സിറിയയിൽ ആക്രമണരഹിത മേഖല സൃഷ്ടിക്കാൻ അടുത്തിടെ റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിൽ ഇറാൻ പങ്കാളിയായതിനെ തുടർന്ന് യു.എസ് പിന്മാറിയിരുന്നു. ഇതിനു ബദലായാണ് പുതിയ നീക്കം.

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും ആദ്യമായിട്ടാണ്  നേരിട്ട് ചർച്ച നടത്തുന്നത്. ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. പരസ്പര ബന്ധത്തിൻറെ പേരിൽ ഏറെ പഴി കേട്ട നേതാക്കൾ ആദ്യമായി ഹസ്തദാനം ചെയ്തു. ട്രംപിനെ പ്രസിഡൻറാക്കാൻ പുടിനും റഷ്യയും ഇടപെട്ടു എന്ന ആരോപണങ്ങൾക്കിടെയാണ് ഇരു നേതാക്കളും മുഖാമുഖമെത്തിയത്. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കിടയിൽ ചർച്ചകൾ തുടരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. മുൻപ് ടെലിഫോണിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്‌ലാഡിമിർ പുടിനും പ്രതികരിച്ചു.

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം സംബന്ധിച്ച് റഷ്യൻ പ്രസിഡൻറും ദക്ഷിണകൊറിയൻ പ്രസിഡൻറും തമ്മിൽ ചർച്ചകൾ നടന്നു. എടുത്തുചാടിയല്ല അവധാനതയോടെ വേണം പ്രശ്‌നം കൈകാര്യം ചെയ്യാനെന്ന് പുടിൻ അഭിപ്രായപ്പെട്ടു. മെക്‌സിക്കോയുമായുള്ള അഭിപ്രായ ഭിന്നതകൾ തീർക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.