ഇനി ചിരിക്കാം ആത്മവിശ്വാസത്തോടെ

0
272


സ്ത്രീയുടേയും പുരുഷന്റേയും സൗന്ദര്യസങ്കല്പങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മുല്ലമൊട്ടുകള്‍ പോലുള്ള വെളുത്തു നിരയാര്‍ന്ന പല്ലുകള്‍. ഇത്തരം പല്ലുള്ള വ്യക്തികളില്‍ ആത്മവിശ്വാസം കൂടുന്നു. പല്ലുകളില്‍ നിറവ്യത്യാസമുള്ളവരോ, കൊമ്പല്ലുള്ളവര്‍ക്കോ മറ്റുള്ളവരുടെ മുഖത്തുനോക്കി ചിരിക്കാന്‍ പോലും കഴിയാതെ വരുന്നു. ഇത് വ്യക്തിബന്ധങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകുന്നു.

സ്ത്രീ-പുരുഷഭേദമന്യേ നിരതെറ്റിയ പല്ലുകള്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സാ സംവിധാനം ഇപ്പോള്‍ വളരെ എളുപ്പവും ഇതിന് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതവുമാണ്.

ചെറുപ്രായത്തില്‍ എല്ലാകുട്ടികളുടേയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. പിന്നീട് പൊഴിഞ്ഞിട്ടുണ്ടാകുന്ന പല്ലുകള്‍ നിരതെറ്റിവളരുന്നതും തള്ളിവരുന്നതും സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികളുടെ മുന്‍ നിരയിലെ പല്ലുകള്‍ നിരതെറ്റിയിരിക്കുന്നതായി തോന്നുന്നത് പലപ്പോഴും ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ‘അഗ്ലീ ഡക്ലിങ്ങ്’ എന്നാണ് ഈ അവസ്ഥക്ക് പറയുക. 7 മുതല്‍ 12 വയസിലുള്ള കുട്ടികളില്‍ കോമ്പല്ല് വരുന്നതിന്റെ ഭാഗമായി കാണുന്ന ഒരു അവസ്ഥയാണ് ഇത്.

കോമ്പല്ല് വരുമ്പോള്‍ അത് മുന്‍ നിരയിലെ മറ്റുപല്ലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിനാല്‍ മുന്‍വരിയിലെ പല്ലുകള്‍ക്ക് താല്‍ക്കാലികമായി ദിശതെറ്റുവാന്‍ ഇടയാവുകയും ചെയ്യുന്നു. പല്ലുകളില്‍ ഉണ്ടാകുന്ന ഈ ക്രമക്കേട് മുഖം വികൃതമാകാന്‍ കാരണമാകുന്നു. ഈ പ്രതിഭാസത്തെ അഗ്ലീ ഡക്ലിങ്ങ് എന്നാണ് പറയുന്നത്. ഈ സമയത്ത് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്. 14 വയസിന് ശേഷം കുട്ടികളുടെ പല്ലുകള്‍ നിരതെറ്റി നില്‍ക്കുന്നതായോ പൊങ്ങിനില്‍ക്കുന്നതായോ കാണുന്നുവെങ്കിലേ ദന്തക്രമീകരണ ചികിത്സ നടത്തേണ്ടതുള്ളൂ.

എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കില്ല. സ്ഥിരദന്തങ്ങള്‍ വളര്‍ന്നുവരുന്ന 12-13 പ്രായത്തില്‍ പല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ചില അപാകതകള്‍ കൊണ്ടോ താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ താടിയെല്ലുകളിലും സ്ഥിര ദന്തങ്ങളിലും ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകളില്‍ 14 വയസ്സുവരെ കാത്തിരിക്കാതെ ചികിത്സതേടേണ്ടത് അത്യാവശ്യമാണ്. വൈകല്യങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ വളര്‍ച്ചയിലുണ്ടാകുന്ന അപാകതകള്‍ പല്ലുകളുടെയും താടിയെല്ലിന്റെയും സ്വാഭാവിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പലപ്പോഴും സ്ഥായിയായ വൈകല്യത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്.

പല്ലിന്റെ നിര തെറ്റാന്‍ കാരണം

പല്ലിന്റെ എണ്ണത്തിലോ വലിപ്പത്തിലോ ആകൃതിയിലോ വരുന്ന അപാകത പല്ലുകള്‍ നിരതെറ്റിവളരാന്‍ ഇടയാകുന്നു. ഇത്തരം അവസ്ഥ പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണ്.

എന്നാല്‍ ചിലരില്‍ ജനന സമയത്ത് ചിലപ്പോള്‍ താടിയെല്ലുകള്‍ക്ക് സംഭവിക്കാറുള്ള ക്ഷതം, ഇത് പലപ്പോഴും താടിയെല്ലുകളുടെ വളര്‍ച്ചയെ പ്രതകൂലമായി ബാധിക്കുകയും അതിനാല്‍ പല്ലുകള്‍ നിരതെറ്റി വരുന്നതിനും കാരണമാണ്. അതുപോലെ ജന്മനാ ഉണ്ടാകുന്ന മുച്ചിറി പല്ല് നിരതെറ്റിവരുന്നതിന് ഒരു കാരണമാണ്.

വിരല്‍കുടിക്കുന്നത്, നാവ് ഉന്തല്‍, നഖം കടിക്കല്‍, ചുണ്ട് കടിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ പല്ലിന് മേലെ സമ്മര്‍ദ്ദം ചെലുത്താനിടയാക്കുകയും പല്ലിന്റെ സ്ഥാനമാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. ദന്തക്ഷയം, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, നാസിക സംബന്ധിച്ച രോഗങ്ങള്‍ തുടങ്ങിയവയും ഇതിന് കാരണമാകുന്നു. പോഷകക്കുറവും പല്ലുകളുടെ ക്ഷത്തിന് പ്രധാന കാരണമാണ്.

പാല്‍പല്ലുകളുടെ പ്രാധാന്യം

കുട്ടികളുടെ ആദ്യപല്ലു പൊഴിഞ്ഞു സ്ഥിരമായ പല്ല് വരുന്നത് 6 മുതല്‍ 13 വരെയുള്ള പ്രായത്തിലാണ്. താടിയെല്ലുകള്‍ക്കും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണ കുട്ടികളില്‍ 20 പല്ലുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ സ്ഥിരദനന്തങ്ങളാണെങ്കില്‍ അത് 28 എണ്ണം ഉണ്ടാകുന്നു. നല്ല പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-7 വര്‍ഷംകൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയിലൂടെയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ ഒരു സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. ഇത് പാരമ്പര്യം ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതും.

ആദ്യമുണ്ടായ നല്ല പല്ലുകള്‍ നേരത്തെ കൊഴിഞ്ഞുപോവുക, കൊഴിയേണ്ട സമയം ആകുന്നതിനുമുന്‍പേ കേടു സംഭവിക്കുന്നതുമൂലം അവ എടുത്തുകളയേണ്ടി വരിക, സമയമായിട്ടും പല്ലുകള്‍ പൊഴിഞ്ഞുപോകാത്തതു കാരണം സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതിരിക്കുക തുങ്ങിയ സാഹചര്യങ്ങളാണ് നിര തെറ്റിയ പല്ലുകള്‍ ഉണ്ടാകാന്‍ കാരണം.

നിരതെറ്റിയ പല്ലുകളിലെ ദൂഷ്യഫലങ്ങള്‍

സൗന്ദര്യപരമായ പ്രശ്നങ്ങള്‍ ഒരു പരിധിവരെ നിരതെറ്റിയ പല്ലുകള്‍ കാരണമാകുന്നു. മേല്‍ത്താടിയിലെ മോണ അമിതമായി വെളിയില്‍ കാണുക, കീഴ്ത്താടി ചെറുതായിരിക്കുക, താടിയെല്ലുകള്‍ക്ക് മറ്റ് തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാവുക ഇവയെല്ലാം സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുടെ മുഖത്തുനോക്കി ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ ബുദ്ധിമുട്ടാണ്ടാകുന്നു.

പല്ലുകള്‍ക്കുണ്ടാകുന്ന ഇത്തരം അപാകത ശരിയായി സംസാരിക്കാന്‍ കഴിയാതെവരിക, ഭക്ഷണം ചവച്ചരക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങളും സാധാരണയാണ്. ഇത്തരത്തിലുള്ള ഏത് പ്രശ്നവും കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും.

നിരതെറ്റിയ പല്ലുകളെ വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസമുള്ളതിനാല്‍ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. മോണരോഗങ്ങള്‍, മുറിവ് ഉണ്ടാകാനുള്ള സാധ്യത, മാനസിക പ്രശ്നങ്ങള്‍, ആത്മവിശ്വാസക്കുറവ് മുതലായവും ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ട്.
പ്രതിവിധികള്‍

പല്ലുകള്‍ക്കുണ്ടാകുന്ന അപാകതകള്‍ ചെറുപ്രായത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കുന്നതാണ് നല്ലത്. 7-13 വയസ്സുകള്‍ക്കിടയിലാണ് ഇത്തരം ചികിത്സകള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുക.

താരതമ്യേന ചെലവ് കുറഞ്ഞതും ലളിതവുമായ ചികിത്സകളേ വേണ്ടിവരാറുള്ളൂ. ശരിയായ സമയത്ത് ഈ ചികിത്സകള്‍ ചെയ്യുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന ദന്തവൈകല്യങ്ങളും അതിന്റെ തുടക്കത്തില്‍ തന്നെ തടഞ്ഞ് താടിയെല്ലുകളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ചികിത്സാരീതിക്ക് പറയുന്ന പേരാണ് ഇന്റര്‍സെപ്റ്റീവ് ഓര്‍ത്തോഡോന്റിക് ട്രീറ്റ്മെന്റ്. തുടക്കത്തില്‍ ചെയ്യുന്ന ഇത്തരം ചികിത്സകളിലൂടെ വൈകല്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, പിന്നീട് അതായത് 14 വയസിന് ശേഷം നടത്തുന്ന ദന്ത ക്രമീകരണം ചികിത്സ കൂടുതല്‍ എളുപ്പമുള്ളതാക്കാനും ഫലപ്രദമാക്കാനും തുടക്കത്തിലേ നടത്തുന്ന ചികിത്സകള്‍ ഗുണകരമാകാറുണ്ട്. പക്ഷെ, ചിലരുടെ കാര്യത്തില്‍ പിന്നീട് ശരിയാക്കണമെങ്കില്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവന്നേക്കും. ആയതിനാല്‍ കുട്ടികളുടെ ദന്തസംരക്ഷണ കാര്യത്തില്‍ മാതാപിതാക്കള്‍ ബോധവാന്മാരാവേണ്ടതാണ്.
കുട്ടികളുടെ പല്ലിന് ദന്തക്ഷയം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടക്കുക. അഞ്ച് പല്ലുകളൊക്കെ വന്നുകഴിഞ്ഞാല്‍ ബ്രഷ് ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്കുള്ള മൃദുവായ ബ്രഷ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. രാവിലെ പാലൂട്ടുന്നതിന് മുമ്പും രാത്രി ഉറക്കുന്നതിന് മുമ്പും പല്ല് തേപ്പിക്കുക. അതുപോലെ തന്നെ മൂന്നുമാസം കൂടുമ്പോള്‍ ബ്രഷ് മാറ്റുകയും വേണം.

അതിമധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കാതിരിക്കുക. പ്രത്യേകിച്ചും ഉറങ്ങാന്‍ ഒരുങ്ങുമ്പോള്‍. കുപ്പിയിലടച്ച് കിട്ടുന്ന പാനീയങ്ങള്‍ പല്ലുകളെ വേഗം നശിപ്പിക്കും. ഒരുവയസിന് ശേഷം പഴച്ചാര്‍ നല്‍കുമ്പോള്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നല്‍കണം. അമിതമായി മധുരം കഴിച്ച് ശീലിക്കുന്ന കുഞ്ഞുങ്ങളില്‍ പാല്‍പല്ല് നേരത്തെ കൊഴിഞ്ഞ് പോകാറുണ്ട്. ഇത് പുതിയ പല്ലുകള്‍ സ്ഥാനം തെറ്റി വരുന്നതിന് ഇടയാക്കും.
സമയവിവരപ്പട്ടിക അനുസരിച്ച് പാല്‍പ്പല്ല് പൊഴിഞ്ഞ് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. പാല്‍പല്ല് അകാലമായി നഷ്ടപ്പെടല്‍ നിയന്ത്രിക്കുക, ഇന്റര്‍സെപ്റ്റീവ് ഓര്‍ത്തോ ട്രീന്റ്മെന്റ്, കമ്പിയിട്ട് ശരിയാക്കല്‍, ഓപ്പറേഷനുകള്‍ മുതലായവയും പ്രതിവിധിയാണ്.

നിരതെറ്റിയ പല്ലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ വന്നതോടെ ഇന്ന് വളരെ ലളിതമായ പ്രക്രിയയായി മാറിയിരിക്കുകയാണ്. പ്രശ്നങ്ങള്‍ കണ്ടുപിടിച്ച് തുടക്കത്തിലേ ചികിത്സിച്ചാല്‍ പിന്നീടുള്ള ചികിത്സാ രീതികളെ ലഘൂകരിക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏത് ചികിത്സയും 13 വയസിന് ശേഷമേ പാടുള്ളൂ എന്ന തെറ്റിദ്ധാരണയാണ് പലപ്പോഴും ചികിത്സകള്‍ വൈകാന്‍ തടസ്സമുണ്ടാക്കുക. ഏത് പ്രശ്നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും ലളിതമായ ചികിത്സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയസമ്പന്നരായ ദന്തക്രമീകരണവിഭാഗം വിദഗ്ധരുടെ ഉപദേശം തേടണം. ഇതിലൂടെ നമുക്ക് മറ്റുള്ളവരുടെ മുഖത്തുനോക്കി ആത്മവിശ്വാസത്തോടെ ചിരിക്കാം.