കാളകളെ വാങ്ങാൻ പണമില്ല; കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെക്കൊണ്ട് നിലം ഉഴുതു

0
94

ഇൻഡോര്‍: സാമ്പത്തിക പ്രതിസന്ധി മൂലം കാളകളെ വാങ്ങാന്‍ പണമില്ലാതായതോടെ കര്‍ഷകന്‍ നിലമുഴുന്നത് സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച്. മധ്യപ്രദേശിലെ സെഹോറിലുള്ള ബസന്ത്പൂര്‍ പാംഗ്രി ഗ്രാമത്തിലെ സര്‍ദാര്‍ ഖാല എന്ന കര്‍ഷകനാണ് സ്വന്തം മക്കളെക്കൊണ്ട് കലപ്പ വലിപ്പിച്ച് നിലമുഴേണ്ട ഗതികേടിലായിരിക്കുന്നത്.

കാളകളെ വാങ്ങാനോ പരിചരിക്കാനോ തന്‍റെ കയ്യില്‍ പണമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്ന് സര്‍ദാര്‍ ഖാല പറയുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ഇദ്ദേഹത്തിന്‍റെ മക്കളായ രാധിക (14), കുന്തി (11) എന്നിവര്‍ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്.

 

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ പദ്ധതികള്‍ക്കു കീഴില്‍ കര്‍ഷകന് നല്‍കാനാവുന്ന എല്ലാ സഹായവും എത്തിക്കുമെന്നും ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആശിഷ് ശര്‍മ പറഞ്ഞു. കുട്ടികളെക്കൊണ്ട് ഇത്തരം ജോലികള്‍ ചെയ്യിക്കരുതെന്ന് കര്‍ഷകന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിമൂലം മധ്യപ്രദേശില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്‍തത്. ലോണ്‍ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് അടുത്തിടെ മന്ദ്സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.