ഛോട്ടാ ബർദയ്ക്ക് ജലമരണം വിധിച്ച് സര്‍ക്കാരുകള്‍; ഒരു ഗ്രാമത്തെ പുഴയില്‍ മുക്കി കൊല്ലുന്നതിങ്ങനെ 

0
274

ഒരാഴ്ചയ്ക്കുള്ളിൽ ഛോട്ടാ ബർദ ഗ്രാമവാസികളുടെ വിധിയറിയാം… പിന്നോട്ടില്ലെന്ന് ഉറച്ച ശബ്ധത്തോടെ ജനങ്ങൾ

by വെബ്‌ ഡെസ്ക് 

ഒരാഴ്ച മാത്രമാണ് അവര്‍ക്ക് മുന്നില്‍ ഉള്ളത്. ഒന്നുകില്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തെ ജല സമാധിക്ക് വിട്ടുകൊടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വിദൂര ഇടത്തിലേക്ക് ചേക്കേറാം…അല്ലെങ്കില്‍ ഗുജറാത്ത്-മധ്യപ്രദേശ് സര്‍ക്കാരുകള്‍ വിധിച്ച ഛോട്ടാ ബർദയുടെ ജലമരണത്തിന് ഒപ്പം സ്വന്തം ഗ്രാമത്തോടൊപ്പം ജല സമാധി അടയാം…മധ്യപ്രദേശിലെ ബർവാനിയ ജില്ലയിലെ നർമ്മദ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഛോട്ടാ ബർദ ഗ്രാമത്തിലെ ജനങ്ങൾ വ്യാകുലതയിലാണ് …ഏഴു ദിവസങ്ങള്‍ തങ്ങൾ എന്തു ചെയ്യും?

ഒരു ആഴ്ചയ്ക്കുള്ളിൽ വീടുകൾ ഒഴിഞ്ഞുമാറാൻ ഭരണകൂടം അവരെ അറിയിച്ചിട്ടുണ്ടെന്ന് ജനങ്ങൾ പറയുന്നു.  ഛോട്ടാ ബർദയില്‍ നിന്നും ഏഴു കിലോമീറ്ററോളം അകലെയുള്ള ഊഷര ഭൂമിയിലേക്കാണ് ഗ്രാമത്തെ പറിച്ചു നടുന്നത്. പല കുടുംബങ്ങൾക്കും ബദൽ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പലരും ഭൂമി ഇല്ലാത്തവരായാണ് ഇപ്പോൾ മാറേണ്ടിവരിക.

നർമദ കൺട്രോൾ അതോറിറ്റിയിൽ നിന്ന് അനുമതി ലഭിച്ചാൽ സർദാർ സരോവർ അണക്കെട്ടിലെ ഗേറ്റുകൾ അടച്ചു പൂട്ടും. അണക്കെട്ടിന്റെ 30 ഗേറ്റുകളാണ് ഗുജറാത്ത് സർക്കാർ അടച്ചിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതാണ് ഇതിനു കാരണമായി പറയുന്നത്. മുൻപ് ജലനിരപ്പ് മുൻപ് 122 മീറ്റർ ആയിരുന്നെങ്കിൽ ഇന്ന് 139 ആയി ഉയർന്നിട്ടുണ്ട്. വൈദ്യുതിക്കും , ജലസേചനത്തിനും  ഗുജറാത്തിലെ കുടിവെള്ള വിതരണത്തിനും വേണ്ടി ജലനിരപ്പ്‌ ഉയര്‍ത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍  ഇത് ബാധിക്കുക ഛോട്ടാബർദ്ദ പോലെയുള്ള നിരവധി ഗ്രാമങ്ങളെയാണ്.

തങ്ങൾക്കിപ്പോള്‍  ബദൽ ഭൂമി അധികൃതർ വാഗ്ദാനം ചെയ്തിട്ടുണ്ടെകിലും ഞങ്ങളുടെ മേഖലകളിൽ നിന്നും വളരെ ദൂരെയാണെന്ന പരാതിയാണ് ഗ്രാമവാസികള്‍ക്ക്‌ ഉള്ളത്. വേണ്ടത്ര യാത്ര സൗകര്യങ്ങള്‍ ഇല്ലാത്ത ഒരിടത്തെക്കാണ് സര്‍ക്കാര്‍ ഇവരെ പറിച്ചു എറിയുന്നത്.അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥലത്തു ഞങ്ങൾ എങ്ങനെ ഉപജീവന മാർഗ്ഗം നടത്തുമെന്നും ഇവർ ചോദിക്കുന്നു. അവിടെ കുടിവെള്ള സൗകര്യമില്ല. ഡ്രെയിനേജ് സംവിധാനം ഇല്ല, പിന്നെ എങ്ങനെ ജീവിതം സാധ്യമാകുമെന്ന് ‘ഗ്രാമത്തിലെ താമസക്കാരനായ ഹിമാൻഷു ചൗബി പറയുന്നു. പുനരധിവാസത്തിന് അനുവദിച്ചത് ആകട്ടെ  കേവലം 2000 രൂപ മാത്രവും. ഇനിയുമുണ്ട് ചിലര്‍. നിലവില്‍ താമസിക്കുന്ന  വീടും ഭൂമിയും കൈമോശം വരുകയും പുനരധിവാസ ഗ്രാമത്തില്‍ അവകാശം ഇല്ലാതെയും പോകുന്നവര്‍.  ഒരു ദശാബ്ദം മുമ്പ് നടത്തിയ സർവ്വേയിൽ നഗരത്തിലെ 70 കുടുംബങ്ങള്‍ ഉള്‍പെട്ടിട്ടില്ല . ഈ ഗ്രാമത്തിൽ 70 കുടുംബങ്ങളുണ്ട്, അവരുടെ വീടുകൾ പോലും സർവേ ചെയ്തിട്ടില്ല. ഞങ്ങൾ എന്ത് ചെയ്യണം? ഞങ്ങൾ ഇവിടെ ഞങ്ങളുടെ വീടുകൾ നിർമ്മിച്ചു.അവർ ഇപ്പോൾ ഞങ്ങളെ ഇവിടെ നിന്ന് പുറന്തള്ളാൻ പോവുകയാണ്? ‘എന്ത് വേണം ഞങ്ങൾ  ? ദയാറാം യാദവ് എന്ന ഗ്രാമീണന്റെ ചോദ്യം ഇതാണ്.

24 മണിക്കൂർ തുടർച്ചയായി മഴ തുടരുകയാണെങ്കിൽ, ഞങ്ങളുടെ ഗ്രാമത്തിൽ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങും,അഞ്ജദിൽ ഡോക്ടറായ വിനോദ് യാദവ് പറയുന്നു. നർമ്മദയുടെ ഒഴുക്ക് ഇപ്പോൾ കുറച്ചു ഭാഗത്ത് മാത്രമാണുള്ളത്. കഴിഞ്ഞ മഴക്കാലത്തു നദിയില്‍ വെള്ളം ഏറിയപ്പോള്‍ ഗ്രാമത്തിലെ ഫലഭൂയിഷ്ടമായ കൃഷിയിടം ഉള്‍പ്പടെ ചില ഭാഗങ്ങള്‍ നദി കവര്‍ന്നിരുന്നു. ബാക്കിയുള്ള ഭൂപ്രദേശവും ഏതു നിമിഷവും വെള്ളത്തിനടിയിലാകാമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന മേധാ പട്കര്‍ ചൂണ്ടിക്കാട്ടി.ഗ്രാമനിവാസികൾക്കൊപ്പം കുടിലുകളിൽ രാപ്പാർത്ത് അവരോടൊപ്പം പട്ടിണി കിടന്നും സമരത്തെ നയിക്കുകയായിരുന്നു മേധാപട്കർ. കാളവണ്ടിയിലും ട്രക്കിലും യാത്ര ചെയ്ത് ഉൾനാടൻ ആദിവാസി കേന്ദ്രങ്ങളിലെത്തി അവർ ജനങ്ങളെ സംഘടിപ്പിച്ചു. പ്രാദേശികമായ സംഘാടനത്തിന് സമയം കണ്ടെത്തുന്നതിനിടെ നിയമ പോരാട്ടങ്ങൾക്കും അവർ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഇൻഡോറിലെ ബാർവാനി ജില്ലാ കളക്ടറുമായും , നർമദാ വാലി ഡവലപ്‌മെന്റ് അതോറിറ്റി കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെടാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഇപ്പോൾ സമരമുഖത്താണ് ഇവർ. എന്ത് വന്നാലും ഗ്രാമത്തിൽ നിന്നും പുറത്തു പോകില്ലെന്ന  ദൃഡ നിശ്ചയത്തോടെ..

വെല്ലുവിളി ഉയർത്തുന്ന സർദാർ സരോവർ പ്രൊജക്ട്

നർമദ അണക്കെട്ട് ശൃംഖലയിലെ ഏറ്റവും വലിയ പദ്ധതിയാണ് സർദാർ സരോവർ പ്രൊജക്ട്. ഈ പ്രൊജക്ടിന്റെ ഇരകളുടെ ജീവിതം അതീവ ദുസ്സഹമാണ്. മറ്റാർക്കോ വേണ്ടി ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ടവർ. 1979-ൽ നർമദാ വാലി വികസന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സർദാർ സരോവർ പ്രൊജക്ട് യാഥാർഥ്യമായാൽ ഗുജറാത്തിലെ 20 ലക്ഷം ഹെക്ടറും രാജസ്ഥാനിലെ 75,000 ഹെക്ടറും കൃഷിഭൂമികളിലേക്കുള്ള ജലസേചന പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ബറോഡയിലെയും അഹ്മദാബാദിലെയും വൻകിട വ്യവസായ സംരംഭങ്ങൾക്ക് വെള്ളം ലഭിക്കുന്നതൊഴിച്ചുനിർത്തിയാൽ കൃഷിഭൂമികളിലേക്കുള്ള കനാലുകൾ പോലും ഇനിയും കുഴിച്ചിട്ടില്ല. 450 മില്യൻ ഡോളർ ലോക ബാങ്ക് സഹായത്തോടെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിക്ക് 45,673 കോടി രൂപ ഇതുവരെ ചെലവായി. പക്ഷേ പദ്ധതി ലാഭകരമല്ലെന്ന് മനസ്സിലാക്കി 1995-ൽ ലോക ബാങ്ക് പദ്ധതിയിൽനിന്ന് പൂർണമായി പിന്മാറി.

138.82 മീറ്റർ ഉയരമുള്ള പദ്ധതി 35 വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാനായില്ല എന്നതാണ് സമരത്തിന്റെ വിജയം. 1999 മുതൽ നിർമാണം തുടരാൻ കോടതി അനുമതി നൽകിയതിനെ തുടർന്ന് 2007-ൽ പദ്ധതി ഭാഗികമായി പൂർത്തിയാക്കി. ഇപ്പോൾ അണക്കെട്ടിന്റെ ഉയരം 121.92 മീറ്ററാണ്. ബാക്കിയുള്ള 17 മീറ്റർ ഉയർത്തിയാൽ ഇനിയും രണ്ടര ലക്ഷം പേർ വെള്ളത്തിനടിയിലാവും. പദ്ധതിക്കു വേണ്ടി ഇത്രയധികം പണം ചെലവഴിച്ചിട്ടും ഗുജറാത്തിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും ഇതുവരെ കുടിവെള്ളമെത്തിയിട്ടില്ല.